കൗണ്‍സിലിങ്ങിനെത്തിയ പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് 26 വര്‍ഷം തടവ്

  • 27/04/2023

തിരുവനന്തപുരം: കൗണ്‍സിലിങ്ങിനെത്തിയ പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് 26 വര്‍ഷം തടവ്. ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ ഗിരീഷിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്.


നാലു വകുപ്പുകളിലായിട്ടാണ് 26 വര്‍ഷം തടവു വിധിച്ചത്. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി. ഇതുപ്രകാരം ഏറ്റവും കൂടിയ ശിക്ഷയായ ഏഴു വര്‍ഷം തടവ് പ്രതി അനുഭവിച്ചാല്‍ മതിയാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കുറ്റത്തിനാണ് ഏഴു വര്‍ഷം തടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ചത്.

മാനസികാസ്വാസ്ഥ്യമുള്ള കുട്ടി കൗണ്‍സിലിങ്ങിനെത്തിയപ്പോള്‍ പീഡിപ്പിച്ചു, ഒന്നിലേറെ തവണ പീഡനം, മുമ്ബ് പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ വീണ്ടും അതേ കുറ്റം ആവര്‍ത്തിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് 26 വര്‍ഷം തടവുശിക്ഷ വിധിച്ചത്. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ പ്രതി നാലുവര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ പലതവണ പീഡിപ്പിച്ചു എന്നാണ് കേസ്. മണക്കാട് കുര്യാത്തിയില്‍ തന്റെ വീടിനോട് ചേര്‍ന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ചായിരുന്നു പീഡനം. 2015 ഡിസംബര്‍ ആറ് മുതല്‍ 2017 ഫെബ്രുവരി ഇരുപത്തി ഒന്ന് വരേയുള്ള കാലയളവില്‍ കുട്ടിയെ കൗണ്‍സിലിങ്ങിനായി എത്തിച്ചപ്പോഴായിരുന്നു പീഡനം. പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ മനോനില കൂടുതല്‍ വഷളായി.

പീഡനം പുറത്തുപറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 2019 ജനുവരിയില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ കേസ് ഹിസ്റ്ററി എടുക്കുമ്ബോഴാണ് കുട്ടി പീഡനവിവരം ഇവരോട് വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫോര്‍ട്ട് പൊലീസ് കേസെടുക്കുകയായിരുന്നു.

മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍, പോക്‌സോ കേസ് പ്രകാരം ഒരു വര്‍ഷം മുമ്ബ് പ്രതിയെ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു പ്രതി. നിലവില്‍ പ്രതി ജാമ്യത്തിലാണ്.

Related News