കറിയില്‍ മാരക വിഷമുള്ള കൂണ്‍, ഭര്‍ത്താവിന്റെ കുടുംബത്തെ വിരുന്ന് നല്‍കി കൊന്ന സംഭവത്തില്‍ സ്ത്രീ കുറ്റക്കാരി; നടത്തിയത് വന്‍ ആസൂത്രണം

  • 07/07/2025

കറിയില്‍ വിഷം ചേര്‍ത്ത് ഭര്‍ത്താവിന്റെ ബന്ധുക്കളെ കൊലപ്പെടുത്തുക, അതിവിദഗ്ധമായി കൂട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയ സംഭവത്തില്‍ സ്ത്രീ കുറ്റക്കാരിയെന്ന് ഓസ്‌ട്രേയിലയന്‍ സുപ്രീം കോടതി. ബന്ധുക്കളെ വിരുന്നിന് ക്ഷണിച്ച്‌ മാരക വിഷമുള്ള കുണ്‍ ചേര്‍ത്ത വിഭവം നല്‍കിയാണ് എറിന്‍ പാറ്റേഴ്‌സണ്‍ കൊലപാതകങ്ങള്‍ നടത്തിയത്.

വിഷം ചേര്‍ത്ത ഭക്ഷണം കഴിച്ച്‌ ഭര്‍ത്താവിന്റെ രക്ഷിതാക്കളായ ഡോണ്‍, ഗെയില്‍ പാറ്റേഴ്‌സണ്‍, ഗെയിലിന്റെ സഹോദരി ഹീതര്‍ വില്‍ക്കിന്‍സണ്‍ എന്നിവരാണ് മരിച്ചത്. ഹീതറിന്റെ ഭര്‍ത്താവ് ഇയാന്‍ വില്‍ക്കിന്‍സണും വിഷ ബാധയേറ്റെങ്കിലും ആഴ്ചകളോളം നീണ്ട ചികിത്സയ്ക്ക് ശേഷം മരണത്തെ അതിജീവിക്കുകയായിരുന്നു.

ആഗോളതലത്തില്‍ വാര്‍ത്തയായ 2023 ല്‍ നടന്ന സംഭവത്തിലാണ് ഓസ്‌ട്രേലിയന്‍ സുപ്രീം കോടതി പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. ഒമ്ബത് ആഴ്ച നീണ്ടുനിന്ന വിചാരണയും ആറ് ദിവസത്തെ കൂടിയാലോചനകള്‍ക്കും ശേഷമാണ് വിധി പറഞ്ഞത്. മൂന്ന് പേരെ കൊലപ്പെടുത്തിയതിനും ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് എറിന്‍ പാറ്റേഴ്‌സന് എതിരെയ കോടതിയുടെ കണ്ടെത്തല്‍. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

കൃത്യമായ ആസുത്രണത്തോടെയാണ് പ്രതി കുറ്റകൃത്യം നടപ്പാക്കിയത് എന്നാണ് കോടതിയുടെ വിലയിരുത്തല്‍. ലിയോങ്കാതയിലുള്ള പാറ്റേഴ്‌സന്റെ വീട്ടില്‍ സംഘടിപ്പിച്ച വിരുന്നില്‍ ലോകത്തിലെ ഏറ്റവും മാരകമായ ഫംഗസുകള്‍ അടങ്ങിയ ഡെത്ത് ക്യാപ് കൂണുകള്‍ ഉപയോഗിച്ച്‌ വിഭവങ്ങള്‍ തയ്യാറാക്കുകയായിരുന്നു. ഇക്കാര്യം വിദഗ്ധ പരിശോധനയിലും വ്യക്തമായിട്ടുണ്ട്. മധുരവും സുഗന്ധവുമുള്ള ഇത്തരം കൂണുകള്‍ നിരുപദ്രവകരമാണെന്ന് തോന്നും. എന്നാല്‍ കരളിനെയും വൃക്കകളെയും നശിപ്പിക്കുന്ന മാരകമായ അമാറ്റോക്‌സിനുകള്‍ ഈ കൂണില്‍ അടങ്ങിയിട്ടുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Related News