തൊഴിലിടങ്ങളിലെ അപകടങ്ങൾ, ആഭ്യന്തര മന്ത്രാലയത്തിൻ്റെ അന്വേഷണങ്ങൾക്ക് പിന്തുണയുമായി മാൻപവർ അതോറിറ്റി

  • 28/11/2025



കുവൈത്ത് സിറ്റി: തൊഴിലിടങ്ങളിലെ അപകടങ്ങൾ പരിശോധിക്കുന്നതിലും ആഭ്യന്തര മന്ത്രാലയത്തിന്‍റെ അന്വേഷണങ്ങൾക്ക് പിന്തുണയേകുന്ന സാങ്കേതിക റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലും പ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്തുകയാണെന്ന് മാൻപവര്‍ അതോറിറ്റി. തൊഴിലിടങ്ങളിലെ അപകടങ്ങളും പരിക്കുകളും പ്രത്യേക ടീമുകൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് അതോറിറ്റി അറിയിച്ചു. ഇവർ സമഗ്രമായ സാങ്കേതിക റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനോടൊപ്പം ബോധവൽക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചെയ്യുന്നു. ഓരോ അപകടത്തിനും പിന്നിലെ സാഹചര്യങ്ങൾ വിശകലനം ചെയ്യുക, അതിൻ്റെ കാരണങ്ങൾ തിരിച്ചറിയുക, പ്രൊഫഷണൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക എന്നിവയെല്ലാം ഈ റിപ്പോർട്ടുകളിൽ ഉൾപ്പെടുന്നു.

ജോലിസ്ഥലങ്ങളിൽ നടപ്പാക്കിയ പ്രതിരോധ നടപടികൾ വിലയിരുത്തുന്നതിനും, തൊഴിലിടങ്ങളിലെ സംഭവങ്ങൾക്ക് കാരണമായേക്കാവുന്ന നിരീക്ഷണങ്ങളും നിയമലംഘനങ്ങളും രേഖപ്പെടുത്തുന്നതിനും ഈ ടീമുകൾക്ക് ഉത്തരവാദിത്തമുണ്ട്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പരിശോധനാ ടീമുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഫീൽഡ് വർക്ക് സംവിധാനങ്ങൾ വികസിപ്പിക്കാനുമുള്ള തങ്ങളുടെ നിലവിലുള്ള ശ്രമങ്ങൾ അതോറിറ്റി വ്യക്തമാക്കി. ഈ സഹകരണം സർക്കാർ സ്ഥാപനങ്ങളുമായുള്ള ശക്തമായ സ്ഥാപനപരമായ പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും, തൊഴിൽപരമായ അപകടങ്ങളുടെ സാങ്കേതിക അന്വേഷണത്തിലെ മികച്ച അന്താരാഷ്ട്ര രീതികളുമായി ഇത് യോജിക്കുന്നുവെന്നും അതോറിറ്റി അറിയിച്ചു.

Related News