കുവൈത്തിൽ 'അൽ-സുബാന' കാലഘട്ടം തുടങ്ങി; വാസിം സീസൺ്റെ അന്തിമഘട്ടം, രാത്രികൾക്ക് ദൈർഘ്യമേറും

  • 26/11/2025



കുവൈത്ത് സിറ്റി: കുവൈത്തിൽ നിലവിൽ വാസിം സീസണിന്‍റെ അന്തിമ ഘട്ടമായ അൽ സുബാന നക്ഷത്ര കാലഘട്ടം അനുഭവപ്പെടുകയാണെന്ന് അൽ അജ്‍രി സയൻ്റിഫിക് സെൻ്റർ സ്ഥിരീകരിച്ചു. അടുത്ത 13 ദിവസത്തേക്കുള്ള ഈ കാലഘട്ടം ശൈത്യകാലത്തിൻ്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നു. ഡിസംബർ ആറ് വരെ അൽ-സുബാന നക്ഷത്ര കാലം നീണ്ടുനിൽക്കും. ഈ സമയത്ത് രാജ്യത്ത് രാത്രികൾക്ക് ദൈർഘ്യമേറുകയും പകലിന് ദൈർഘ്യം കുറയുകയും തണുത്ത കാറ്റ് അനുഭവപ്പെടുകയും ചെയ്യും.

അൽ-സുബാന നക്ഷത്രം ശരത്കാലത്തിനും ശൈത്യകാലത്തിനും ഇടയിലുള്ള ഒരു പരിവർത്തന ഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ കാലയളവിൽ ശീതകാല സംക്രമണത്തിൻ്റെ ഫലങ്ങൾ ആരംഭിക്കുകയും ശൈത്യകാലത്തിൻ്റെ വ്യക്തമായ പ്രത്യേകതകൾ ഉയർന്നുവരുകയും ചെയ്യും. മുൻ കാലഘട്ടങ്ങളെ അപേക്ഷിച്ച് രാത്രിയിലെ താപനില കുറയുമെങ്കിലും, പകൽ സമയത്ത് കാലാവസ്ഥ താരതമ്യേന സൗമ്യമായിരിക്കും. അൽ-സുബാന കാലഘട്ടം അവസാനിച്ചാലുടൻ അൽ-ഇക്ലിൽ നക്ഷത്രത്തിൻ്റെ ഉദയം ദൃശ്യമാകും. ഇതോടെ കഠിനമായ തണുപ്പിൻ്റെ കാലമായ അൽ-മുറബ്ബാനിയ കാലഘട്ടം ആരംഭിക്കുമെന്നും സെൻ്റർ കൂട്ടിച്ചേർത്തു.

Related News