കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; ശരീരത്തിനുള്ളിൽ ഒളിപ്പിച്ച ഹാഷിഷുമായി വിദേശി പിടിയിൽ

  • 25/11/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ മയക്കുമരുന്ന് കടത്തിനെതിരായ കാമ്പയിനിൽ സുപ്രധാന വിജയം നേടി, ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ്. കസ്റ്റംസിൻ്റെ ഇൻവെസ്റ്റിഗേഷൻ ആൻഡ് സെർച്ച് ഡിപ്പാർട്ട്‌മെൻ്റ്, കുവൈത്ത് എയർപോർട്ട് കസ്റ്റംസുമായി (ടെർമിനൽ 4) ചേർന്ന് ഹാഷിഷ് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. ലണ്ടൻ ഹീത്രോ എയർപോർട്ടിൽ നിന്ന് എത്തിയ യാത്രക്കാരൻ്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

വിശ്വസനീയമായ ഒരു രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് അധികൃതർ ഈ ഓപ്പറേഷൻ ആരംഭിച്ചത്. യൂറോപ്യൻ പൗരനായ യാത്രക്കാരൻ മയക്കുമരുന്ന് വിമാനത്താവളം വഴി കടത്താൻ ഉദ്ദേശിച്ച് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചതായി വിവരമുണ്ടായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാൾ വിമാനമിറങ്ങിയ ഉടൻതന്നെ നിരീക്ഷണത്തിലാക്കി. ഉടൻതന്നെ കസ്റ്റഡിയിലെടുത്ത ഇയാളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ 312 ഗ്രാം ഹാഷിഷ് കണ്ടെത്തി.

തുടർന്ന് പ്രതിയെ ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് മെഡിക്കൽ സ്റ്റാഫ് ഇയാളുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച ശേഷിക്കുന്ന മയക്കുമരുന്ന് പുറത്തെടുത്തു. ഈ നടപടികൾക്ക് ശേഷം, ആകെ 412 ഗ്രാം ഹാഷിഷ് പിടിച്ചെടുത്തതായി അധികൃതർ സ്ഥിരീകരിച്ചു.

Related News