എസ്ഐആര്‍: സുപ്രീംകോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

  • 13/11/2025

കൊച്ചി: ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. തദ്ദേശതെരഞ്ഞെടുപ്പിനിടെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണസ്തംഭനത്തിന് കാരണമാകുമെന്നാണ് സർക്കാർ വാദം. സംസ്ഥാനം എന്ത് കൊണ്ട് സുപ്രീംകോടതിയെ സമീപിക്കുന്നില്ലെന്ന് ആരാഞ്ഞ ഹൈക്കോടതി ഹർജിയിൽ നാളെ ഉത്തരവ് പറയും.


പൗരത്വ പ്രശ്നമടക്കമുള്ള രാഷ്ട്രീയ കാരണങ്ങളല്ല മറിച്ച് ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തിന്റെ ഹർജി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് 1,76,000 ഉദ്യോഗസ്ഥരെയാണ് ആവശ്യം. 68,000 പേർ സുരക്ഷയ്ക്കായി വേണ്ടി മാത്രം വേണം. ഇതിനിടയിൽ എസ് ഐ ആർ പ്രവർത്തനങ്ങൾക്ക് 25,668 പേരെ വിന്യസിക്കണ്ടി വരുമ്പോൾ പ്രതിസന്ധിയുണ്ടാകുമെന്നാണ് സർക്കാർ വാദം. ഡിസംബർ 4 എസ് ഐ ആർ പൂർത്തിയാക്കണം. തദ്ദേശതെരഞ്ഞെടുപ്പ് ഡിസംബർ 9,11തിയതികളിലാണ്. എസ്ഐആറിന് അടിയന്തര പ്രാധാന്യമില്ല. രണ്ട് സുപ്രധാന ജോലികളും ഒരേ ഉദ്യോഗസ്ഥർ തന്നെ പങ്കാളികളാകുമ്പോൾ പ്രായോഗിക പ്രശ്നങ്ങൾ ഏറെയെന്നും സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ 55 ശതമാനം ജോലികൾ പൂർത്തിയായ ഘട്ടത്തിൽ സർക്കാരിന്റെ ഈ ഹർജി ദുരുദ്ദേശപരമെന്ന് കേന്ദ്രം കോടതിയിൽ മറുപടി നൽകി.

ഭരണസ്തംഭനം ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. എസ് ഐ ആർ ഫോമിൽ എപിക് നമ്പർ ഉൾപ്പടെ പകുതിയിലേറെ വിവരങ്ങൾ കമ്മീഷൻ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാർ ഇത് പരിശോധിച്ച് ഒപ്പ് വെച്ചാൽ മാത്രം മതി. കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾക്ക് ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് ചുമതല.ഉദ്യോഗസ്ഥരെ ആവശ്യമെങ്കിൽ സർക്കാരിന് കമ്മീഷനോട് ആവശ്യപ്പെടാം.നവംബർ 3ന് 25,000 ഉദ്യോഗസ്ഥരെ മതിയെന്ന് പറഞ്ഞ സംസ്ഥാനം സമയം ആവശ്യപ്പെട്ട് നൽകുന്ന ഹർജി പരോക്ഷമായി എസ്ഐആര്‍ തടസപ്പെടുത്തുന്നത് ലക്ഷ്യമിട്ടെന്നും കേന്ദ്രം വാദിച്ചു. എസ് ഐ ആറിനെതിരെ പാർട്ടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി.

Related News