'പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം'; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി

  • 07/11/2025

ന്യൂഡല്‍ഹി: തെരുവുനായ വിഷയത്തില്‍ കടുപ്പിച്ച് സുപ്രീം കോടതി. പൊതു ഇടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കണമെന്ന് നിര്‍ദേശിച്ചു. വിദ്യാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സുരക്ഷിതമാക്കണമെന്നും സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദേശീയ- സംസ്ഥാന- ജില്ലാ പാതകളില്‍ പട്രോളിങ് വേണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.


'24 മണിക്കൂര്‍ പട്രോളിങ് ശക്തമാക്കണം. റോഡ് സുരക്ഷ ഉറപ്പുവരുത്താന്‍ പട്രോള്‍ ടീമിനെ നിയോഗിക്കണം. പൊലീസും തദ്ദേശസ്ഥാപനങ്ങളും സഹകരിക്കണം. നിര്‍ദ്ദേശങ്ങള്‍ എട്ടാഴ്ചക്കകം നടപ്പാക്കണം. നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിമാര്‍ നടപ്പാക്കണം. രാജ്യത്തെ തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അറിയിക്കണം', സുപ്രീം കോടതി പറഞ്ഞു.

അമികസ് ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. അധിക സത്യവാങ്മൂലം നല്‍കാനും സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈവേയിലെ തെരുവുനായ്ക്കളുടെ പുനരധിവാസത്തില്‍ എട്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും എന്‍എച്ച്എഐക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തെരുവുനായ വിഷയത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. തെരുവുനായ പ്രജനന നിയന്ത്രണം നടപ്പാക്കിയെന്ന സംസ്ഥാന സര്‍ക്കാരുകളുടെ സത്യവാങ്മൂലത്തിലാണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍വി അന്‍ജാരിയ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Related News