കൃഷി ഭൂമി നൽകിയില്ല; മധ്യപ്രദേശിൽ ബിജെപി നേതാവ് കർഷകനെ മർദിച്ച് അവശനാക്കിയ ശേഷം ഥാർ കയറ്റിയിറക്കി കൊന്നു

  • 27/10/2025

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബിജെപി നേതാവ് കര്‍ഷകനെ മര്‍ദിച്ച് അവശനാക്കിയ ശേഷം വാഹനമിടിച്ച് കൊലപ്പെടുത്തി. രാം സ്വരൂപ് ധാക്കഡ് എന്ന കര്‍ഷകനാണ് കൊല്ലപ്പെട്ടത്. ഗണേശപുര ഗ്രാമത്തിലായിരുന്നു സംഭവം. ബിജെപി നേതാവ് മഹേന്ദ്ര നാഗറിനും സഹായികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പിതാവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പെണ്‍മക്കളെ പ്രതികള്‍ ആക്രമിച്ചതായും പരാതിയുണ്ട്.


കൃഷി ഭൂമി വില്‍ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. കൃഷിയിടത്തിലേക്ക് പോവുകയായിരുന്നു കര്‍ഷകനും കുടുംബവും. തുടര്‍ന്ന് ഇയാളെ തടഞ്ഞുനിര്‍ത്തുകയും വടിയും ഇരുമ്പ് കമ്പികളുമുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പിന്നാലെ കര്‍ഷകന്റെ ദേഹത്തുകൂടെ ജീപ്പ് കയറ്റിയിറക്കുകയായിരുന്നു. ഭൂമി കൈമാറാന്‍ വിസമ്മതിച്ചതോടെയായിരുന്നു ആക്രമണമെന്ന് കര്‍ഷകന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.

ബിജെപി നേതാവ് പല കര്‍ഷകരില്‍ നിന്നും ഇത്തരത്തില്‍ ഭൂമി വാങ്ങാന്‍ ശ്രമിക്കുകയാണെന്നും കുടുംബം പറഞ്ഞു. അക്രമികള്‍ തന്റെ വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചതായി മകള്‍ പൊലീസിന് മൊഴിനല്‍കി. അമ്മയെ മര്‍ദിച്ചതായും പെണ്‍കുട്ടി ആരോപിച്ചു.

Related News