ലാൻഡിങ്ങിനിടെ ബോയിംഗ് 747 റൺവേയിൽ നിന്ന് തെന്നിമാറി വിമാനം കടലിൽ തകർന്നുവീണു

  • 20/10/2025

ഹോങ്കോങ്: ഹോങ്കോങ് വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് വീണു. അപകടത്തിൽ താഴെ ഉണ്ടായിരുന്ന സുരക്ഷാ വാഹനത്തിൽ ഇടിച്ച് രണ്ട് പേർ മരിക്കുകയും ചെയ്തു. അപകടത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വിമാനത്തിൻ്റെ മുൻഭാഗം തകർന്ന നിലയിൽ കടലിൽ ഭാഗികമായി മുങ്ങിക്കിടക്കുകയാണ്. പച്ച നിറമുള്ള പിൻഭാഗം തകർന്ന് വേർപെട്ടതും, എമർജൻസി എയർ സ്ലൈഡുകൾ തുറന്നു കിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടകാരണം കണ്ടെത്താനായി അധികൃതർ ക്രെയിനുകളും ടോ ട്രക്കുകളും ഉപയോഗിച്ച് വിമാനത്തിൻ്റെ 'ബ്ലാക്ക് ബോക്സ്' തിരയുന്നതും ദൃശ്യങ്ങളിൽ കാണാം.


പുലർച്ചെ 4 മണിയോടെ ദുബായിൽ നിന്ന് ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Hong Kong International Airport) എത്തിയ ബോയിംഗ് 747 ചരക്ക് വിമാനമാണ് റൺവേയിൽ നിന്ന് തെന്നിമാറി വേലി തകർത്ത് കടലിലേക്ക് വീണതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയ ശേഷം പുറത്തെ വേലി തകർത്ത് സുരക്ഷാ വാഹനത്തിൽ ഇടിക്കുകയും, വാഹനത്തെ കടലിലേക്ക് തള്ളിവിടുകയുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. അപകടസമയത്ത് സുരക്ഷാ വാഹനം റൺവേയിൽ അല്ലായിരുന്നു.

വെള്ളത്തിൽ മുങ്ങിയ കാറിൽ നിന്ന് രക്ഷാപ്രവർത്തകർ രണ്ട് പേരെ പുറത്തെടുത്തു. തീരത്തുനിന്ന് ഏകദേശം അഞ്ച് മീറ്റർ അകലെയാണ് കാർ മുങ്ങിയത്. എന്നാൽ, 30 വയസ്സുകാരൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ച 41 വയസ്സുകാരൻ പിന്നീട് മരണത്തിന് കീഴടങ്ങി. എമിറേറ്റ്സ് താൽക്കാലികമായി പാട്ടത്തിനെടുത്ത തുർക്കിഷ് കാരിയറായ എ.സി.ടി. എയർലൈൻസിൻ്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ചരക്ക് വിമാനത്താവളമാണിത്. വിമാനത്തിൽ ചരക്കുകൾ ഉണ്ടായിരുന്നില്ലെന്നും വിമാനത്തിലെ ജീവനക്കാർ സുരക്ഷിതരാണെന്നും എംമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.

Related News