ട്രാവൽ ഏജൻസികൾക്കെതിരെ നടപടി ശക്തമാക്കി കുവൈറ്റ് ; പരാതികൾ വർധിച്ചതോടെ 66 ഏജൻ്റുമാർക്ക് പിഴ ചുമത്തി

  • 28/11/2025


കുവൈത്ത് സിറ്റി: ട്രാവൽ ഏജൻ്റുമാർക്കും ലൈസൻസില്ലാത്ത ബ്രോക്കർമാർക്കുമെതിരെ കുവൈത്തിലെ വ്യോമയാന അതോറിറ്റി നടപടികൾ ശക്തമാക്കി. ദുരുപയോഗങ്ങളും മോശം പ്രവർത്തനങ്ങളും സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും വർധിച്ചതിനെത്തുടർന്നാണ് നടപടി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ്റെ (PACA) പരാതി പരിഹാര സമിതി നിയമം ലംഘിച്ച ട്രാവൽ ഓഫീസുകൾക്കും ലൈസൻസില്ലാത്ത ഓപ്പറേറ്റർമാർക്കുമെതിരെ അടുത്തിടെ പിഴ ചുമത്തി. സാമ്പത്തിക നഷ്ടങ്ങൾക്കും വിമാന ടിക്കറ്റുകൾ റദ്ദാക്കിയതിനും ഇവർക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു.

സോഷ്യൽ മീഡിയ ലൈസൻസിംഗ് നിയമങ്ങളും മറ്റ് മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിന് 66 ട്രാവൽ ഏജൻ്റുമാർക്കെതിരെ സമിതി നടപടിയെടുത്തു. കൂടാതെ, ബിസിനസ് ലൈസൻസ് നിയമങ്ങൾ ലംഘിച്ചതിന് രണ്ട് വ്യക്തികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തു. കൂടാതെ, ഔദ്യോഗിക നിയമങ്ങൾ പാലിക്കാത്തതിന് എട്ട് ട്രാവൽ ഏജൻസികൾക്കും ഒരു എയർലൈനിനും പിഴ ചുമത്തി. നിലവിൽ 728 ട്രാവൽ ഏജൻസികൾ, 89 എയർ കാർഗോ ഓഫീസുകൾ, 73 എയർലൈനുകൾ എന്നിവ ഉൾപ്പെടെ 890 ലൈസൻസുള്ള ഓഫീസുകളുടെയും കമ്പനികളുടെയും വിവരശേഖരം അതോറിറ്റിക്ക് ഉണ്ടെന്നും അവയെല്ലാം തുടർച്ചയായ മേൽനോട്ടത്തിന് വിധേയമാണെന്നും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ എയർ ട്രാൻസ്‌പോർട്ട് വിഭാഗം ഡയറക്‌ടറും പരാതി പരിഹാര സമിതി തലവനുമായ അബ്ദുല്ല അൽ റാജ്ഹി പറഞ്ഞു.

Related News