ഗുരുതര ആരോപണങ്ങളുന്നയിച്ച് എസ്എച്ച്ഒയുടെ ആത്മഹത്യക്കുറിപ്പ്; വടകര ഡിവൈഎസ്പിക്കെതിരെ കേസെടുത്തേക്കും

  • 28/11/2025

കോഴിക്കോട്: വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങുന്ന സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വരികയും ഇക്കാര്യങ്ങൾ ശരിവച്ച് ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന സ്ത്രീ മൊഴി നൽകുകയും ചെയ്ത പശ്ചാത്തലത്തിൽ ഉമേഷിനെതിരെ കേസ് എടുത്തേക്കും. പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി സ്റ്റേഷനിൽ ഇൻസ്പെക്ടർ ആയിരിക്കെ പെൺവാണിഭ കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ ഉമേഷ് ബലാത്സംഗം ചെയ്തു എന്നായിരുന്നു ചെർപ്പുളശ്ശേരി എസ് എച്ച് ആയിരുന്ന ബിനു തോമസിന്‍റെ ആത്മഹത്യാക്കുറിപ്പിലെ ആരോപണം.


വടക്കാഞ്ചേരി സ്റ്റേഷനില്‍ എസ്ഐയായിരിക്കെ തന്‍റെ സിഐ ആയിരുന്ന ഉമേഷ് പെണ്‍വാണിഭ സംഘത്തെ കസ്റ്റഡിയിലെടുത്തെന്നും അതിലുള്‍പ്പെട്ട സ്ത്രീയെ അന്നുതന്നെ ഉമേഷ് മറ്റൊരു കേന്ദ്രത്തിലെത്തിച്ച് പീഡിപ്പിച്ചു എന്നും തന്നോടും ഈ സ്ത്രീയുമായി ബന്ധപ്പെടാന്‍ ഡിവൈഎസ്പി നിര്‍ദ്ദേശിച്ചു എന്നുമായിരുന്നു ബിനു തോമസിന്‍റെ ആത്മഹത്യാക്കുറിപ്പിലെ പ്രധാന ആരോപണം. 32 പേജുള്ള ആത്മഹത്യാകുറിപ്പിലെ നാല് അഞ്ച് ആറ് പേജുകളിലാണ് നിലവില്‍ കോഴിക്കോട് വടകര ഡിവൈഎസ്പിയായി ജോലി ചെയ്യുന്ന എ. ഉമേഷിനെതിരായ ആരോപണങ്ങള്‍ ഉളളത്. ഈ ആരോപണം ശരിവയ്ക്കുന്ന മൊഴിയാണ് പീഡനത്തിന് ഇരയായ സ്ത്രീം ഇന്നലെ പാലക്കാട് ജില്ലാ ക്രൈെബ്രാഞ്ച് ഡിവൈഎസ്‍പിക്ക് നല്കിയത്.

പെണ്‍വാണിഭക്കേസില്‍ കസ്റ്റഡിയിലെടുത്ത ശേഷം നിയമനടപടിയില്‍ നിന്ന് ഒഴിവാക്കാനായി തന്നെ ഉമേഷ് ബലാല്‍സംഗം ചെയ്തതായാണ് യുവതിയുടെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിക്കെതിരെ ബലാല്‍സംഗ കുറ്റം ചുമത്തി കേസ് എടുക്കാവുന്നതാണെങ്കിലും സംഭവം നടന്നിട്ട് 10 വര്‍ഷം കഴിഞ്ഞതിനാല്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ പീഡനത്തിന് ഇരയായ സ്ത്രീ തയ്യാറായാല്‍ മാത്രമാകും പൊലീസ് കേസ് രജിസ്റ്റ‍ര്‍ ചെയ്യുക. ഈ സത്രീയുടെ കാര്യം പറഞ്ഞ് ഉമേഷ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്നും ബിനു തോമസിന്‍റെ ആത്മഹത്യാക്കുറിപ്പിലുണ്ട്

Related News