സ്വകാര്യ മേഖലയുടേത് ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ സർട്ടിഫിക്കേറ്റ് പരിശോധന വേഗത്തിലാക്കാൻ നിർദ്ദേശം

  • 27/11/2025



കുവൈത്ത് സിറ്റി: പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും അക്കാദമിക് സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനുള്ള കുവൈത്ത് കാബിനറ്റ് കമ്മിറ്റി ബുധനാഴ്ച യോഗം ചേർന്നു. രാജ്യത്തുടനീളമുള്ള രേഖാ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാൻ ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അൽ മൗഷർജി നിർദേശിച്ചു. ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. നാദർ അൽ-ജലാൽ പങ്കെടുത്ത യോഗത്തിൽ കമ്മിറ്റി അംഗങ്ങളും പരിശോധനാ നടപടികളുടെ മേൽനോട്ടം വഹിക്കുന്ന വിദഗ്ധരും പങ്കെടുത്തു.

സിവിൽ സർവീസ് കമ്മീഷൻ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ എന്നിവിടങ്ങളിലെ പ്രധാന സബ്കമ്മിറ്റികളോട് തങ്ങൾക്ക് നൽകിയിട്ടുള്ള ചുമതലകൾ കാലതാമസം കൂടാതെ പൂർത്തിയാക്കാൻ അൽ-മൗഷർജി നിർദ്ദേശം നൽകിയതായി കാബിനറ്റ് കാര്യ സഹമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. പൂർണ്ണമായ ജീവനക്കാരുടെ ഡാറ്റ ഇതുവരെ സമർപ്പിക്കാത്ത സ്ഥാപനങ്ങളുമായുള്ള തുടർനടപടികളടക്കം, കമ്മിറ്റിയുടെ ശ്രമങ്ങളെ അൽ മൗഷർജി അഭിനന്ദിച്ചു. കമ്മിറ്റിയുടെ ലക്ഷ്യം നിറവേറ്റുന്നതിന് സർക്കാർ സ്ഥാപനങ്ങളും സ്വകാര്യമേഖലയും തമ്മിലുള്ള പൂർണ്ണ സഹകരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Related News