ഉച്ച ജോലി നിരോധനം: 33 തൊഴിലാളികൾ നിയമം ലംഘിച്ചതായി മാൻപവർ അതോറിറ്റി

  • 06/07/2025


കുവൈത്ത് സിറ്റി: 2025 ജൂൺ മാസം നടത്തപ്പെട്ട പരിശ്രമങ്ങളിൽ ഉച്ച ജോലിയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ച 33 തൊഴിലാളികളെ കണ്ടെത്തിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. കനത്ത വേനൽ ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മേയ് 31 മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള കാലയളവിൽ ഉച്ച 11 മുതൽ വൈകുന്നേരം 4 വരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് നിരോധനം നിലവിലുണ്ട്.

അതോറിറ്റിയുടെ ഇന്‍സ്പെക്ഷൻ ടീമുകൾ 60 വർക്ക്സൈറ്റുകൾ പരിശോധിക്കുകയും, 30 സ്ഥാപനങ്ങൾക്കെതിരെ ആദ്യഘട്ടത്തിൽ നിയമലംഘന നടപടികൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനകളിൽ ആവർത്തിച്ച നിയമലംഘനങ്ങൾ കണ്ടെത്താനായില്ലെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനാ കാലയളവിൽ പൊതുജനങ്ങളിൽ നിന്ന് 12 പരാതി ലഭിച്ചുവെന്നും, 30 കമ്പനികളുടെ ഫോളോ-അപ്പ് പരിശോധനകൾ പൂർത്തിയായതാണെന്നും മാൻപവർ അതോറിറ്റി അറിയിച്ചു. ഉച്ച ജോലി നിരോധനം പാലിക്കാത്ത സാഹചര്യം ശ്രദ്ധയിൽ പെട്ടാൽ 6192 2493 എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ വിവരം നൽകാൻ അധികൃതർ കുവൈത്തിലെ പൗരന്മാരോടും പ്രവാസികളോടും ആഹ്വാനം ചെയ്തു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ കാമ്പനികളും ഉത്തരവാദിത്തപൂർവം പ്രവർത്തിക്കണമെന്ന് അതോറിറ്റി വീണ്ടും ഓർമ്മിപ്പിച്ചു.

Related News