സുരക്ഷാ നിയമലംഘനം: ജലീബ് അൽ ഷുവൈക്കിൽ അടക്കം വൻ റെയ്ഡ്; 131 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു

  • 16/12/2025


കുവൈത്ത് സിറ്റി: സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഷുവൈക്ക് വ്യാവസായിക മേഖലയിലും ജലീബ് അൽ ഷുവൈക്കിലും നടന്ന സംയുക്ത പരിശോധനയിൽ 131 സ്ഥാപനങ്ങൾക്കെതിരെ നടപടി. കടകൾക്കും പൂട്ടുവീഴുകയോ മുന്നറിയിപ്പ് നൽകുകയോ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ജനറൽ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ വിപുലമായ പരിശോധന നടത്തിയത്. നിയമലംഘനം നടത്തിയ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും സുരക്ഷാ-അഗ്നിശമന പ്രതിരോധ ആവശ്യകതകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയായിരുന്നു കാമ്പയിന്റെ പ്രധാന ലക്ഷ്യം. ജനറൽ ഫയർ ഫോഴ്‌സ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആഭ്യന്തര മന്ത്രാലയം, വാണിജ്യ-വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് ഈ വൻതോതിലുള്ള റെയ്ഡ് നടത്തിയത്.

പരിശോധനയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 131 സ്ഥാപനങ്ങൾക്ക് ഭരണപരമായ അടച്ചുപൂട്ടൽ നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി. പൊതു സുരക്ഷ ഉറപ്പാക്കുന്നതിലും അപകടസാധ്യതകൾ കുറയ്ക്കുന്നതിലും കുവൈറ്റി അധികൃതർ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല എന്നതിന്റെ ശക്തമായ സൂചനയാണ് ഈ സംയുക്ത പരിശോധന നൽകുന്നത്.

Related News