സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

  • 15/12/2025


കുവൈത്ത് സിറ്റി: സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് (CBK) എല്ലാ പ്രാദേശിക ബാങ്കുകൾക്കും കർശന നിർദേശം നൽകി. ബാങ്കിംഗ് ഇടപാടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി, അസ്വാഭാവികമായ ഇടപാടുകൾ സൂക്ഷ്മമായി നിരീക്ഷിക്കാനും സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു.

പ്രാദേശിക ബാങ്കുകൾക്ക് അടുത്തിടെ നൽകിയ സർക്കുലറിൽ, ബാങ്കിംഗ് സുരക്ഷയുടെ നിലവാരം ഉയർത്തുന്നതിനും ഉപഭോക്തൃ അക്കൗണ്ടുകൾ സംരക്ഷിക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പുകളുടെ രീതികളെക്കുറിച്ചും ബാങ്ക് വിശദീകരിച്ചു. പല സാമ്പത്തിക തട്ടിപ്പുകൾക്കും ചില പ്രത്യേക രീതികളുണ്ട്. ഏറ്റവും പ്രധാനം, കുറഞ്ഞ സമയപരിധിക്കുള്ളിൽ അസാധാരണമായ രീതിയിൽ ആവർത്തിച്ചുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുക എന്നതാണ്.
അല്ലെങ്കിൽ, ഉപഭോക്താവിന്റെ സാധാരണ രീതിക്ക് വിരുദ്ധമായി ഒരേ വ്യാപാരിയുമായോ സ്ഥാപനവുമായോ ആവർത്തിച്ച് ഇടപാടുകൾ നടത്തുന്നത് സംശയകരമാണ്. ഇത്തരം അസ്വാഭാവിക പാറ്റേണുകൾ ഊർജ്ജിതമായി നിരീക്ഷിച്ച്, ഉപഭോക്താക്കളെ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related News