കുവൈത്തിൽ 'ട്രഫിൾ ' സീസണ് ഗംഭീര തുടക്കം, കുട്ടയ്ക്ക് 30 ദിനാർ വരെ വില

  • 15/12/2025


കുവൈത്ത് സിറ്റി: ഈ വർഷത്തെ ട്രഫിൾ സീസണ് കുവൈത്തിലെ അൽ-റായി മാർക്കറ്റിൽ വമ്പൻ തുടക്കം. അറബിയിൽ “ഫഗ്ഗ” എന്ന പേരിൽ അറിയപ്പെടുന്ന ഡെസേർട്ട് ട്രഫിളിന്റെ വിൽപ്പന ആരംഭിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ ഏകോപനത്തോടെ വിൽപ്പന നടക്കും. 

അൽജീരിയയിൽ നിന്നുള്ള ആദ്യ ഇറക്കുമതി ട്രഫിലുകൾ വിപണിയിൽ എത്തിയതോടെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള ഉപഭോക്താക്കൾ വലിയ തോതിൽ മാർക്കറ്റിലേക്ക് എത്തിച്ചേർന്നു. ആദ്യ ദിനങ്ങളിൽ തന്നെ ട്രഫിലുകൾക്ക് മികച്ച വിപണിയാണ് ലഭിച്ചത്. അൽജീരിയൻ ട്രഫിലിന് തൂക്കമനുസരിച്ച് ഒരു കിലോയ്ക്ക് 8 മുതൽ 10 ദിനാർ വരെയാണ് വില ഈടാക്കിയത്. ഇടത്തരം മുതൽ ചെറുതുവരെയുള്ള വലിപ്പത്തിലുള്ള മൂന്ന് കിലോഗ്രാം ട്രഫിൽ അടങ്ങിയ ഒരു കുട്ടയ്ക്ക് 30 ദിനാർ വരെ വിലയെത്തി.

ഈ സീസണിലെ പ്രാരംഭ സൂചനകൾ പ്രോത്സാഹജനകമാണെന്ന് കച്ചവടക്കാർ പറഞ്ഞു. ഈ വർഷം ചില രാജ്യങ്ങളിൽ ലഭിച്ച കനത്തതും ദീർഘകാലം നീണ്ടുനിന്നതുമായ മഴ, ഉത്പാദനത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാനും പ്രതീക്ഷിക്കുന്ന അളവ് കൂട്ടാനും സഹായിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രഫിലിന്റെ പുതിയ സീസൺ, പ്രാദേശിക വിപണിയിൽ വൻ പ്രതീക്ഷയാണ് നൽകുന്നത്. ഈ വിലയേറിയ ഭക്ഷ്യവസ്തുവിനായുള്ള ഉപഭോക്താക്കളുടെ ആകാംക്ഷ വിപണിയിലെ തിരക്കിൽ നിന്ന് വ്യക്തമാണ്.

Related News