ബിസ്‌ക്കറ്റിനകത്തും ഹാൻസ്, പിടിച്ചെടുത്തത് 3000 കിലോ, 2 പേർ എക്‌സൈസ് പിടിയിൽ

  • 15/04/2023

മലപ്പുറം: വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിലൂടെ ലോറിയിൽ കടത്താൻ ശ്രമിച്ച മൂവായിരം കിലോ ഹാൻസുമായി രണ്ടുപേർ എക്‌സൈസ് പിടിയിൽ. പാലക്കാട് കുലുക്കല്ലൂർ ചുണ്ടമ്പറ്റ അറക്കവീട്ടിൽ അബ്ദുൽ ഷഫീഖ് (35), വല്ലപ്പുഴ മുളയംകാവ് മണ്ണാടം കുന്നത്ത് വീട്ടിൽ അബ്ദുൽ റഹ്‌മാൻ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. മലപ്പുറം എക്സൈസ് ഇന്റലിജൻസും എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും വലയിലായത്.

ലോറിയിൽ ബിസ്‌ക്കറ്റിനും മിട്ടായികൾക്കും ഇടയിൽ അതിവിദഗ്ധമായാണ് സംഘം ഹാൻസ് കടത്താൻ ശ്രമിച്ചത്. ഇവരുടെ കയ്യിൽ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച ഒരു ലക്ഷത്തി ഇരുപത്തി ഒൻപതിനായിരം രൂപയും പിടിച്ചെടുത്തു. പാലക്കാട് ജില്ലയിലെ വല്ലപ്പുഴ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘത്തെ മാസങ്ങളോളം എക്സൈസ് സംഘം നിരീക്ഷിച്ചാണ് അതിവിദഗ്ദമായി ഒളിപ്പിച്ചു കടത്തിയ ഹാൻസ് ലോഡ് പിടികൂടാനായത്. 

ലോറിയിൽ പുറം ഭാഗത്ത് പരിശോധനയിൽ കാണുന്ന ഭാഗങ്ങളിലെല്ലാം ബിസ്‌ക്കറ്റ് പാക്കെറ്റുകൾ അടുക്കി വെച്ച് രാത്രി ഒരു മണിയോടെ ചെക്ക് പോസ്റ്റ് കടത്താനുള്ള ശ്രമമാണ് എക്സൈസ് പൊളിച്ചത്. ഇത്തരത്തിൽ ബിസ്‌ക്കറ്റിന്റെ അടിയിൽ ഹാൻസ് വെച്ച് കഴിഞ്ഞാൽ എക്‌സൈസിന്റെ കണ്ണ് വെട്ടിച്ചു ഇത് കടത്താം എന്നായിരുന്നു സംഘം കരുതിയിയിരുന്നത്. ഇതിനിടയിൽ എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് കിലോ കണക്കിന് ഹാൻസ് കണ്ടെത്തി പിടികൂടിയത്. 

മലപ്പുറം ഐ ബി ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് ഇൻസ്പെക്ടർ ടി ഷിജുമോൻ, വഴിക്കടവ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ പ്രമോദ് ടി എ, പ്രിവെന്റീവ് ഓഫീസർ റെജി തോമസ്, സൈബർ സെൽ പ്രിവെന്റീവ് ഓഫീസർ ഷിബു ശങ്കർ, സിവിൽ എക്സൈസ് ഓഫീസർ മാരായ സതീഷ് ടി കെ, മുഹമ്മദ് അഫ്‌സൽ വി, റിനിൽ രാജ് ടി ആർ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

Related News