സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഗര്‍ഭം ധരിച്ചാല്‍ ധനസഹായം; വിചിത്ര ഉത്തരവില്‍ റഷ്യയില്‍ വിവാദം

  • 08/07/2025

ജനസംഖ്യാനിരക്ക് എന്നത് എല്ലാ രാജ്യങ്ങളും ഏറെ സൂഷ്മതയോടെ കാണുന്ന ഒരു സുപ്രധാന ഫാക്ടറാണ്. ജനസംഖ്യ നിയന്ത്രിക്കാനും നിരക്ക് കൂട്ടാനുമൊക്കെ ഇന്ത്യയും ചൈനയുമൊക്കെ കഷ്ടപ്പെടുന്ന കാഴ്ച കുറച്ച്‌ നാളുകളായി കാണുകയുമാണ് നമ്മള്‍. ഇപ്പോഴിതാ ജനസംഖ്യാ വിഷയത്തില്‍ ഒരു വിചിത്രമായ, വിവാദപരമായ ഉത്തരവ് പുറപ്പെടുവിച്ച്‌ വാർത്തകളില്‍ ഇടംനേടുകയാണ് റഷ്യ.

ഗർഭിണികളാകുന്ന സ്‌കൂള്‍ വിദ്യാർഥിനികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യൻ ഭരണകൂടം. 2025 മാർച്ച്‌ വരെ യുവതികള്‍ക്ക് മാത്രം ബാധകമായിരുന്ന പോളിസി, സ്‌കൂള്‍ വിദ്യാർഥിനികള്‍ക്ക് വേണ്ടി കൂടി നീട്ടുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്.. പുതിയ പദ്ധതി പ്രകാരം സ്‌കൂള്‍ വിദ്യാർഥിനികള്‍ ഗർഭം ധരിക്കുകയാണെങ്കില്‍ അവർക്ക് ഏകദേശം ഒരുലക്ഷം റൂബിള്‍ അഥവാ ഒന്നരലക്ഷം രൂപ ധനസഹായമായി ലഭിക്കും. പ്രസവശുശ്രൂഷകള്‍ക്കും കുഞ്ഞിനെ പരിപാലിക്കുന്നതിനുമുള്ള ചെലവ് ഇനത്തിലാണ് ഈ തുക. ചെറിയ പെണ്‍കുട്ടികളെ ഗർഭം ധരിക്കാൻ സർക്കാർ പ്രേരിപ്പിക്കുന്നു എന്ന തരത്തില്‍ നാനാഭാഗത്ത് നിന്നും കടുത്ത വിമർശനങ്ങളുണ്ടെങ്കിലും നീക്കവുമായി മുന്നോട്ട് പോവുകയാണ് പുടിൻ ഭരണകൂടം..

കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി റഷ്യയുടെ ജനസംഖ്യയില്‍ കാര്യമായ കുറവ് ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. റഷ്യയുടെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുമായി തട്ടിച്ച്‌ നോക്കിയാല്‍ നിലവിലെ ജനസംഖ്യ ആനുപാതികമല്ല. 2.05 എന്നതാണ് കാലാകാലങ്ങളായി റഷ്യയില്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രത്യുല്പാദന നിരക്ക്. എന്നാല്‍ 2023ലെ കണക്കുകള്‍ പ്രകാരം ഇത് 1.41 ആയി ചുരുങ്ങിയിട്ടുണ്ട്... ഇതോടെയാണ് ജനസംഖ്യ കാര്യമായി കുറയുന്നുണ്ട് എന്ന തിരിച്ചറിവിലേക്ക് അധികാരികള്‍ ഉണരുന്നത്.. തുടർന്ന് ജനനനിരക്ക് കൂട്ടാനുള്ള നടപടികള്‍ അധികൃതർ വേഗത്തിലാക്കാനും തുടങ്ങി. ജനസംഖ്യാ നിരക്ക് പഴയപടി ആക്കാൻ ഏത് വഴിയും സ്വീകരിക്കുമെന്ന് കഴിഞ്ഞ വർഷം പ്രസിഡന്റ് പുടിൻ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ പ്രഖ്യാപനം അക്ഷരാർഥത്തില്‍ ഉള്‍ക്കൊണ്ട് ഇപ്പോള്‍ നിയമം നടപ്പിലാക്കിയിരിക്കുകയാണ് രാജ്യം.

നിലവില്‍ 10 മേഖലകളില്‍ റഷ്യ പുതിയ നിയമം പ്രാബല്യത്തിലാക്കിയിട്ടുണ്ട്. സെൻട്രല്‍ റഷ്യയിലെ ഓറിയോള്‍ എന്ന പ്രദേശമാണ് ഈ പദ്ധതി നടപ്പിലാക്കിയതായി പ്രഖ്യാപിച്ച്‌ ആദ്യം രംഗത്തെത്തിയത്. ഓറിയോളിനെ കൂടാതെ മറ്റ് 39 പ്രദേശങ്ങള്‍ കൂടി പദ്ധതിയില്‍ താല്പര്യം അറിയിച്ച്‌ രംഗത്തെത്തിയിട്ടുണ്ടെന്നാണ് മോസ്‌കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഓരോ പ്രവിശ്യയിലുമുള്ള സ്‌കൂളുകളിലെ ഫുള്‍ടൈം വിദ്യാർഥിയും പ്രദേശത്തെ സ്ഥിരതാമസക്കാരുമായ പെണ്‍കുട്ടികളാണ് പുതിയ മെറ്റേണിറ്റി പദ്ധതിയുടെ പരിധിയില്‍ വരിക. ഇവർക്ക് പ്രസവത്തോടടുപ്പിച്ച്‌ ഒറ്റത്തവണയായി തുക അക്കൗണ്ടിലിട്ട് നല്‍കും.

Related News