കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് മടങ്ങാനൊരുങ്ങുന്നു?; ജോസ് കെ മാണിയുടെ പ്രസ്താവനയില്‍ ചര്‍ച്ചകള്‍ സജീവം

  • 08/07/2025

ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച്‌ കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാകുന്നു. വന്യജീവി സംഘര്‍ഷം ചര്‍ച്ച ചെയ്യാനായി അടിയന്തര നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പ്രസ്താവന എല്‍ഡിഎഫുമായി ബന്ധം വേര്‍പെടുത്താനുള്ള തന്ത്രപരമായ നീക്കമായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

ജോസ് കെ മാണിയുടെ പ്രസ്താവന ഇതിനോടകം രാഷ്ട്രീയ വൃത്തങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇടതുപക്ഷ സഖ്യത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴികള്‍ പാര്‍ട്ടി അന്വേഷിക്കുന്നതായാണ് സൂചന. സഖ്യമാറ്റം സംബന്ധിച്ച്‌ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ജോസ് കെ മാണി ഇതിനകം അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായും ജോസ് കെ മാണി ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകര്‍ എന്ന നിലയിലാണ് ജോസ് കെ മാണി രാഹുലിനെയും വേണുഗോപാലിനെയും കണ്ടതെന്നും, അതില്‍ രാഷ്ട്രീയമായി ഒന്നുമില്ലെന്നുമാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് മാറുന്നത് ചര്‍ച്ച ചെയ്യേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ഒരു പാര്‍ട്ടി നേതാവ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അതേസമയം അ്ണികളില്‍ ബഹുഭൂരിപക്ഷത്തിനും യുഡിഎഫ് അനുകൂല ചായ്‌വ് ആണുള്ളതെന്ന് പാര്‍ട്ടി നേതൃത്വത്തിന് വ്യക്തമായി അറിയാം. മധ്യ തിരുവിതാംകൂറില്‍ യുഡിഎഫ് അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള വഴികള്‍ കോണ്‍ഗ്രസ് സജീവമായി അന്വേഷിക്കുന്നുണ്ട്.

Related News