ഡിജിസിഎ ജീവനക്കാരുടെ ഫിംഗർപ്രിന്റ് ഹാജർ ഒഴിവാക്കി

  • 18/09/2025



കുവൈത്ത് സിറ്റി: കുവൈത്ത് സിവിൽ വ്യോമയാന ജനറൽ ഡയറക്ടറേറ്റ് (DGCA) ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതിന് ഇനി മുഖം തിരിച്ചറിയൽ (Facial Recognition) സംവിധാനം മാത്രം ഉപയോഗിക്കണമെന്ന് നിർദേശിച്ച് വീണ്ടും സർക്കുലർ പുറത്തിറക്കി. സെപ്റ്റംബർ 21 മുതൽ വിരലടയാള ഹാജർ സംവിധാനം പൂർണ്ണമായും നിർത്തലാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കി.

എല്ലാ ജീവനക്കാരും ജോലിക്കെത്തുമ്പോൾ ക്യാമറക്കു മുന്നിൽ നിൽക്കുകയും പ്രക്രിയ ശരിയായി പൂർത്തിയാക്കുകയും വേണമെന്നു നിർദേശിച്ചിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ഡിജിസിഎ മുന്നറിയിപ്പ് നൽകി. പുതിയ സംവിധാനം എല്ലാ വിഭാഗങ്ങൾക്കും, യൂണിറ്റുകൾക്കും, സെക്ഷനുകൾക്കും ബാധകമായിരിക്കും.

വിവരങ്ങൾ പ്രകാരം, ഹാജർ രേഖപ്പെടുത്തുന്നതിലെ കൃത്യത വർധിപ്പിക്കുകയും പഴയ രീതികളിൽ ഉണ്ടാകുന്ന പിഴവുകൾ കുറയ്ക്കുകയും ചെയ്യുന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. സാങ്കേതിക മുന്നേറ്റങ്ങളോട് കാലോചിതമായി മുന്നേറുകയും ജോലി രംഗത്ത് ശാസ്ത്രീയ കൃത്യത ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ ഡിജിറ്റൽ പരിഷ്‌കരണ നീക്കം.

പുതിയ സംവിധാനം ജീവനക്കാരുടെ തിരിച്ചറിയൽ ഉറപ്പാക്കുന്നതിൽ ഉയർന്ന കൃത്യത ഉറപ്പാക്കുമെന്നതിനാൽ ജോലി നടപടിക്രമങ്ങൾ ഏകീകരിക്കുകയും സുതാര്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ഇതുവഴി സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും സ്ഥാപനത്തിന്റെ പ്രവർത്തന കാര്യക്ഷമത ഉറപ്പാക്കുകയും ചെയ്യാനാകുമെന്നതായും ഡിജിസിഎ അറിയിച്ചു.

Related News