ഖത്തർ ആക്രമണം: ഇസ്രയേൽ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ്

  • 10/09/2025




വാഷിങ്ടൺ: ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഖത്തറിൽ ആക്രമണം നടത്താനുള്ള തീരുമാനം ബുദ്ധിപരമായിരുന്നില്ലെന്ന് നെതന്യാഹുവിനോട് ട്രംപ് പറഞ്ഞതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ചയാണ് ട്രംപ് നെതന്യാഹുവിനെ വിളിച്ചത്. രൂക്ഷമായ ഭാഷയിലാണ് നെതന്യാഹുവിനെ ട്രംപ് ശാസിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ പ്രധാനമന്ത്രി
ഒട്ടും വീണ്ടുവിചാരമില്ലാത്ത, പ്രാദേശിക നയതന്ത്രത്തെ അസ്ഥിരപ്പെടുത്തുന്ന നീക്കമായിരുന്നു ഖത്തറിൽ നടത്തിയ ആക്രമണമെന്നായിരുന്നു അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞത്. ഇത്തരം നീക്കം നടത്തുന്നതിന് മുൻപ് തന്നോടുകൂടി ആലോചിക്കണമായിരുന്നുവെന്നും മുൻകൂട്ടി അറിയിക്കണമായിരുന്നുവെന്നും നെതന്യാഹുവിനോട് അമർഷത്തോടെ ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ

ആക്രമണം നടത്താനായി തനിക്ക് ചെറിയ അവസരമാണ് ലഭിച്ചതെന്നും ആ അവസരം താൻ മുതലെടുത്തെന്നും തീരുമാനമെടുക്കാൻ തനിക്ക് വളരെ ചുരുങ്ങിയ സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് നെതന്യാഹുവിന്റെ ന്യായീകരണം. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്ന നെതന്യാഹുവിന്റെ വാദത്തിന്, ഹമാസിന് ദോഹയിൽ ഓഫീസ് നൽകിയത് മധ്യസ്ഥ ചർച്ചയ്ക്കാണ് എന്നായിരുന്നു ട്രംപിന്റെ മറുപടി.

ഖത്തർ ആക്രമണത്തിന് ശേഷം രണ്ട് തവണ ട്രംപ് നെതന്യാഹുവിനെ വിളിച്ചിരുന്നെന്നാണ് റിപ്പോർട്ട്. രണ്ടാമത്തെ സംഭാഷണം സൗഹാര്‍ദ്ദപരമായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണം വിജയകരമായിരുന്നുവോ എന്ന് രണ്ടാമത്തെ സംഭാഷണത്തിൽ ട്രംപ് നെതന്യാഹുവിനോട് ചോദിച്ചതായും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തനിക്കറിയില്ലെന്ന് നെതന്യാഹു മറുപടി പറഞ്ഞെന്നും റിപ്പോർട്ടുണ്ട്.

Related News