താമരശ്ശേരി ഫ്രഷ് കട്ട് ഫാക്ടറിക്ക് മുന്നിൽ വ്യാപക സംഘർഷം; സംഘര്‍ഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി

  • 21/10/2025

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിനിടെയുള്ള സംഘര്‍ഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി. 6 വണ്ടികൾ പൂർണമായി കത്തിച്ചു. 2 വണ്ടികൾ എറിഞ്ഞും അടിച്ചും തകർത്തു. ഫാക്ടറിക്ക് മുന്നിൽ യുദ്ധസമാനമായ കാഴ്ചയാണ് അരങ്ങേറുന്നത്. നിലവിൽ ഫാക്ടറിയിലെ തീ പൂർണമായും അണച്ചു കഴിഞ്ഞു. 4 മണിക്കൂറിന് ശേഷമാണ് തീ അണച്ചത്. മുക്കം, നരിക്കുനി ഫയർ ഫോഴ്സ് ആണ് തീ അണച്ചത്. 9 ലോറി,1 ഓട്ടോ, 3 ബൈക്കുകളുമാണ് കത്തി നശിച്ചത്. 3 ലോറികൾ പ്രതിഷേധക്കാർ തല്ലി തകർത്തിട്ടുണ്ട്.

താമരശ്ശേരി യിൽ യൂത്ത് കോൺഗ്രസ്‌ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനത്തിൽ പഞ്ചായത്തുകളിൽ നാളെ ഭാഗിക ഹർത്താൽ. ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്, താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ കുടുക്കിലുമ്മാരം, കരിങ്ങമണ്ണ , അണ്ടോണ, കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്ന്, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങട്ടൂർ, മാനിപുരം എന്നീ വാർഡുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. 

സംഘര്‍ഷത്തിൽ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ നിരവധി പൊലീസുകാർക്കും സമരക്കാർക്കുമാണ് സംഘർഷത്തിൽ പരിക്കേറ്റത്. നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. കല്ലേറിൽ താമരശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. സംഘര്‍ഷത്തെതുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ത്രീകളടക്കമുള്ളവരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്. നേരത്തെയും ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നെങ്കിലും ഇത്രയം വലിയ സംഘര്‍ഷത്തിലേക്ക് പോയിരുന്നില്ല. താമരശ്ശേരി അമ്പായത്തോടിലെ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ ഏറെ നാളായി സമരത്തിലാണ് നാട്ടുകാര്‍. മൂന്ന് പഞ്ചായത്തുകളിലെ ജനജീവിത്തെ ദുസഹമാക്കുന്നതാണ് ഇവിടെ നിന്നു വമിക്കുന്ന ദുര്‍ഗന്ധമെന്നാണ് പരാതി.

Related News