കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: ബെഞ്ചമിന്‍ അപകടകാരിയെന്ന് പോലീസ്

  • 20/10/2025

കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ മധുര സ്വദേശി ബെഞ്ചമിന്‍ അപകടകാരിയെന്ന് പോലീസ്. ആദ്യമായാണ് ബെഞ്ചമിന്‍ കേരളത്തില്‍ എത്തുന്നതെന്നും ഇതിനുമുന്‍പ് തമിഴ്‌നാട്ടില്‍ പല സ്ത്രീകളേയും ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അതിസാഹസികമായാണ് 35-കാരനായ പ്രതിയെ പോലീസ് പിടികൂടിയത്. പീഡനശ്രമത്തിന് ശേഷം ആറ്റിങ്ങൽ ഭാഗത്തേക്കാണ് ബെഞ്ചമിന്‍ കടന്നത്. അവിടെനിന്ന് മധുരയിലേക്ക് രക്ഷപ്പെട്ടു. മധുരയില്‍നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു.


താന്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയിരുന്നതായി ബെഞ്ചമിന്‍ പോലീസിനോട് പറഞ്ഞു. കേരളം തനിക്ക് ഇഷ്ടപ്പെട്ടെന്നും ഇനിയും വരാന്‍ പദ്ധതി ഇട്ടിരുന്നതായും പ്രതിയുടെ വെളിപ്പെടുത്തലുണ്ട്. കേരളത്തില്‍ ആദ്യമായാണ് എത്തിയതെന്ന് പ്രതി പറഞ്ഞു. ട്രക്ക് ഡ്രൈവറായ ഇയാള്‍ തമിഴ്നാട്ടില്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. തെരുവില്‍ കഴിയുന്ന സ്ത്രീകളെയാണ് താന്‍ കൂടുതലും പീഡിപ്പിച്ചിട്ടുള്ളതെന്നും ബെഞ്ചമിൻ പറയുന്നു.


രാത്രി രണ്ടുമണിയോടെയാണ് കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ കയറി ഐടി ജീവനക്കാരിയായ യുവതിയെ ബെഞ്ചമിന്‍ ഉപദ്രവിച്ചത്. ഹോസ്റ്റലില്‍ സിസിടിവി ഇല്ലായിരുന്നു. ഹോസ്റ്റല്‍ പരിസരത്തെയും റോഡിലേയും സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഹോസ്റ്റലിലെ പീഡനത്തിന് മുന്‍പ് സമീപത്തെ മൂന്ന് വീടുകളില്‍ ഇയാള്‍ മോഷണശ്രമം നടത്തിയിരുന്നു.

സിസിടിവിയില്‍ വരാതിരിക്കാന്‍ സമീപത്തെ ഒരു വീട്ടില്‍നിന്ന് കുടയെടുത്ത് മുഖംമറച്ചായിരുന്നു ഹോസ്റ്റലില്‍ ഇയാള്‍ കയറിയത്. ഒരു വീട്ടില്‍നിന്ന് തൊപ്പിയും മറ്റൊരു വീട്ടില്‍നിന്ന് ഹെഡ്‌ഫോണും പ്രതി എടുത്തു. കേരള പോലീസിന്റെ ഊര്‍ജിതമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്. പോലീസ് പിന്തുടര്‍ന്ന് അടുത്തെത്തിയപ്പോള്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ബെഞ്ചമിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് സംഘം സാഹസികമായി പിന്നാലെ ഓടിയാണ് ഇയാളെ പിടികൂടിയത്.

Related News