കുവൈത്തിൽ 591 റോഡുകളുടെ പേരുകൾക്ക് പകരം ഇനി നമ്പറുകൾ: മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ചു

  • 19/10/2025



കുവൈത്ത് സിറ്റി: റോഡുകളുടെ പേരുകൾ റദ്ദാക്കി പകരം നമ്പറുകൾ നൽകാനുള്ള സുപ്രധാന നിർദ്ദേശത്തിന് കുവൈത്ത് മുനിസിപ്പൽ കൗൺസിൽ ഇന്ന് നടന്ന അടിയന്തര രഹസ്യ സെഷനിൽ അംഗീകാരം നൽകി. കൗൺസിൽ മേധാവി അബ്ദുള്ള അൽ മഹ്‌രിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

2023-ലെ മന്ത്രിതല തീരുമാനം നമ്പർ 558 പ്രകാരം രൂപീകരിച്ച നഗരങ്ങൾ, പ്രാന്തപ്രദേശങ്ങൾ, പ്രദേശങ്ങൾ, തെരുവുകൾ, പൊതു ചത്വരങ്ങൾ എന്നിവയ്ക്ക് പേരിടാനുള്ള നിർദ്ദേശങ്ങൾ പഠിക്കുന്ന കമ്മിറ്റിയുടെ മിനിറ്റ്സുകൾ കൗൺസിൽ അംഗീകരിച്ചു. കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച്, 591 തെരുവുകളുടെ പേരുകൾക്ക് പകരം നമ്പറുകൾ നൽകും.

മൂന്ന് തെരുവുകളുടെ പേരുകൾ അറബ് രാജ്യങ്ങളിലെ നഗരങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകളായി മാറ്റും. നിലവിലുള്ള 66 പേരുകൾ അതേപടി നിലനിർത്താനും തീരുമാനമായി. നേരത്തെ, മുനിസിപ്പൽ കാര്യ സഹമന്ത്രി അബ്ദുൽ ലത്തീഫ് അൽ-മിഷാരി, 2023-ലെ മന്ത്രിതല തീരുമാനം നമ്പർ 507-ലെ ആർട്ടിക്കിളുകൾ (4, 5) മാറ്റുന്നതിനുള്ള തീരുമാനം ഓഗസ്റ്റ് 14-ന് പുറപ്പെടുവിച്ചിരുന്നു. വ്യക്തിഗത പേരുകൾ നൽകുന്നത് പരിമിതപ്പെടുത്തുകയും എളുപ്പമുള്ള ഗതാഗതത്തിനും നഗരാസൂത്രണത്തിനുമായി സംഖ്യാ സംവിധാനത്തിലേക്ക് മാറുകയും ചെയ്യുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

Related News