മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കുവൈത്തിലെ മലയാളി വിദ്യാർത്ഥി

  • 20/10/2025



കുവൈത്ത് സിറ്റി : ഒക്ടോബർ 19, ബഹ്‌റൈനിൽ നടക്കുന്ന മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് കുവൈത്തിലെ മലയാളി വിദ്യാർത്ഥി പങ്കെടുക്കും.ഒക്ടോബർ 22 മുതൽ 31 വരെ നടക്കുന്ന കായിക മേളയിലേക്കാണ് യുവ മലയാളി അത്‌ലറ്റും കുവൈത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ നിഹാൽ കമാൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടത്. ഒളിമ്പിക് ശൈലിയിൽ 12 ദിവസങ്ങളിലായി നടക്കുന്ന കായിക മാമാങ്കത്തിൽ, 45 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 8,000 യുവ അത്‌ലറ്റുകൾ വിവിധ ഇനങ്ങളിൽ മത്സരിക്കും. 100 മീറ്റർ ഓട്ടത്തിലും 1000 മീറ്റർ മെഡ്‌ലി റിലേയിലും നിഹാൽ ഇന്ത്യയെ പ്രതിനിധീകരിക്കും. നിലവിൽ, ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന 40-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ശേഷം, ഡൽഹിയിലെ ദേശീയ കോച്ചിംഗ് ക്യാമ്പിൽ നിഹാൽ പരിശീലനം നേടുകയാണ്. ഈ മാസം ആദ്യം സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ യുടെ ബാംഗ്ലൂർ കാമ്പസിലും അദ്ദേഹം പരിശീലനം നേടി.

കുവൈത്തിലെ ഡൽഹി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ നിഹാൽ, ഇന്ത്യയിലും കുവൈത്തിലും സ്‌കൂൾ, ദേശീയ തലങ്ങളിൽ തന്റെ കായിക പ്രതിഭ പ്രകടിപ്പിച്ചിട്ടുണ്ട്. അത്‌ലറ്റിക്സിലെ മികച്ച കഴിവും സമർപ്പണവുമാണ് അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ നിഹാലിനെ അർഹനാക്കിയത്. മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ പങ്കെടുക്കുന്ന, ഇന്ത്യൻ അത്‌ലറ്റിക്സിൽ കർണാടകയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള ഏക അത്‌ലറ്റ് ആണ് നിഹാൽ. കാസർഗോഡ് മൊഗ്രാൽ പുത്തൂരിലെ ബള്ളൂർ സ്വദേശി മുഹമ്മദ്‌ കമാലിന്റെയും, പൊയിനാച്ചിയിലെ മൈലാട്ടി സ്വദേശിനി റഹീന കമാലിന്റെയും മകനാണ് നിഹാൽ.

Related News