കുവൈത്തില്‍ ജോലിതേടിപോയ യുവാവ് ലഹരിമരുന്നു മാഫിയ കെണിയില്‍പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

  • 02/02/2021

കൊച്ചി: ജോലി തേടി കുവൈത്തില്‍പ്പോയ യുവാവിനെ ലഹരിമരുന്നു മാഫിയ കെണിയില്‍പ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. കൊച്ചി നായരമ്പലം സ്വദേശി ജോമോനാണ് ലഹരിമരുന്ന് കടത്തിയെന്ന പേരില്‍ കുവൈത്തില്‍ അറസ്റ്റിലായത്. ജോമോന്‍റെ പിതാവിന്‍റെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

2018 ജനുവരിയിലാണ് കേസിനെ ആസ്പദമായ സംഭവം നടന്നത്. കുവൈത്തില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലിക്ക് എത്തിയതായിരുന്നു ജോമോന്‍. ജോലി ശരിയാക്കി നല്‍കിയ ആന്‍റണി എന്നയാള്‍ കൊച്ചി വിമാനത്താവളത്തില്‍ വച്ച് ഒരു ബാഗ് ജോമോനെ ഏല്‍പിച്ചിരുന്നു. ജോമോന്‍ ജോലി ചെയ്യാന്‍ പോകുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ മറ്റൊരു ജോലിക്കാരന് നല്‍കാന്‍ നിര്‍ദേശിച്ചാണ് ബാഗ് കൈമാറിയത്. എന്നാല്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഈ ബാഗില്‍ ലഹരിമരുന്നു കണ്ടെത്തുകയും ജോമോന്‍ അറസ്റ്റിലാവുകയും ചെയ്തു. താൻ നിരപരാധിയാണെന്ന് ജോമോൻ വാദിച്ചെങ്കിലും കുവൈറ്റ് സർക്കാർ ജോമോനെ ജീവപരന്ത്യം തടവിന് ശിക്ഷിച്ച് ജയിലിലടച്ചു.

ഒടുവിൽ ചതി മനസ്സിലാക്കിയ ജോമോന്‍റെ അച്ഛൻ ക്ലീറ്റസ്, ആന്‍റണിയ്ക്കെതിരെ എക്സൈസിൽ പരാതി നൽകി. എക്സൈസ് അന്വേഷണം നടത്തി ചിലരെ അറസ്റ്റ് ചെയ്തെങ്കിലും തുടർന്നപടിയുണ്ടായില്ല. പൊലീസില്‍ പരാതി നല്‍കിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ജോമോന്‍റെ നിരപരാധിത്വം തെളിയിക്കുന്ന രേഖകളുണ്ടെങ്കില്‍ കുവൈത്ത് സര്‍ക്കാര്‍ ജോമോന് മാപ്പു നല്‍കുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസിയും കേന്ദ്രസര്‍ക്കാരും അറിയിച്ചു. ഈ സഹാചര്യത്തിലാണ് ക്ലീറ്റസ് കോടതിയെ സമീപിച്ചത്. ലഹരിമരുന്നു കടത്തില്‍ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവന്നില്ലെങ്കില്‍ കൂടുതല്‍ യുവാക്കള്‍ ചതിയില്‍ പെടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിൽ അന്വേഷണം വേഗത്തിൽ റിപ്പോർട്ട് കൈമാറൻ ക്രൈംബ്രാ‌ഞ്ചിന് ജസ്റിറസ് വിജി അരുൺ നിർദ്ദേശം നൽകി.

Related News