ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം തകർത്ത് ലോക

  • 12/09/2025



ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം തകർത്ത് മുന്നേറുകയാണ് ലോക. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 200 കോടിയാണ് സിനിമ ഇതുവരെ വാരിക്കൂട്ടിയത്. കേരള ബോക്സ് ഓഫീസിലും ചലനമുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ഇപ്പോഴിതാ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റിൽ ലോകയുടെ സ്ഥാനം പുറത്തുവന്നിരിക്കുകയാണ്.

നിലവിൽ കേരളത്തിൽ നിന്ന് 75 കോടി കളക്ഷനുമായി ഏഴാം സ്ഥാനത്താണ് ലോകയിപ്പോൾ ഉള്ളത്. 118.90 കോടി നേടി കളം വിട്ട മോഹൻലാലിന്റെ തുടരും ആണ് കേരളത്തിൽ ഒന്നാം സ്ഥാനത്ത്. കേരളത്തിൽ ആദ്യമായി 100 കോടി കടന്ന സിനിമയും ഇതുതന്നെയാണ്. 89.10 കോടിയുമായി ജൂഡ് ആന്തണി ചിത്രം 2018 , 86.25 കോടിയുമായി മോഹൻലാലിന്റെ എമ്പുരാൻ, 85.10 കോടിയുമായി പുലിമുരുഗൻ, 79.28 കോടിയുമായി പൃഥ്വിരാജ്-ബ്ലെസ്സി ചിത്രം ആടുജീവിതം എന്നിവയാണ് ലിസ്റ്റിൽ ആദ്യ അഞ്ചിൽ സ്ഥാനമുറപ്പിച്ച സിനിമകൾ. ലോകയ്ക്ക് തൊട്ട് മുന്നിലായി ആറാം സ്ഥാനത്തുള്ളത് ഫഹദ് ഫാസിൽ ചിത്രമായ ആവേശമാണ്. 76.10 കോടിയാണ് ആവേശം നേടിയത്. ഈ കളക്ഷനെ ലോക വരും ദിവസങ്ങളിൽ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ബാഹുബലി 2 , മഞ്ഞുമ്മൽ ബോയ്സ്, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ലോകയ്ക്ക് തൊട്ടു പിന്നിലുള്ള സിനിമകൾ.

ദൈവമേ എന്ന് മാത്രമാണ് ലാൽ പറഞ്ഞത്; തുടരും ഹിറ്റായപ്പോഴുള്ള മോഹൻലാലിന്റെ റിയാക്ഷനെക്കുറിച്ച് സത്യൻ അന്തിക്കാട്
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര". ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് "ലോക". റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.

Related Articles