പൊലീസ് ട്രെയിനിയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ബറ്റാലിയന്‍ ഡിഐജി

  • 18/09/2025

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കട എസ്പി ക്യാമ്പില്‍ പൊലീസ് ട്രെയിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്എപി ക്യാമ്പിന് വീഴ്ച്ചയുണ്ടായോ എന്ന് അന്വേഷിക്കാന്‍ നിർദേശം. ബറ്റാലിയന്‍ ഡിഐജിയാണ് ആഭ്യന്തര അന്വേഷണത്തിന് നിര്‍ദേശിച്ചത്. സംഭവത്തില്‍ വനിതാ ബെറ്റാലിയന്‍ കമാന്‍ഡിനാണ് അന്വേഷണ ചുമതല. അന്വേഷണം വേഗത്തിലാക്കാനും അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. ഇന്നലെയാണ് പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ബാരക്കില്‍ ആനന്ദ് എന്ന ട്രെയിനി ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


അതേസമയം ആനന്ദിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയ ആനന്ദിന്റെ സഹോദരന്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്. എസ്എപി ക്യാമ്പില്‍ ആനന്ദിന് ക്രൂരമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നതായും സഹോദരന്‍ അരവിന്ദ് നല്‍കിയ പരാതിയില്‍ പറയുന്നു. മേലുദ്യോഗസ്ഥനില്‍ നിന്ന് ആനന്ദിന് പീഡനം നേരിടേണ്ടി വന്നു. ഇതിന് പുറമേ ആനന്ദ് ജാതി അധിക്ഷേപം നേരിട്ടു. ഇന്നലെ വിളിച്ചപ്പോള്‍ പോലും ആനന്ദ് ഇക്കാര്യങ്ങള്‍ പറഞ്ഞു. ഹവില്‍ദാര്‍ തസ്തികയിലുള്ള ബിപിന്റെ ഭാഗത്ത് നിന്ന് ആനന്ദിന് മോശമായ അനുഭവമുണ്ടായി. ആനന്ദിന്റെ കൈയില്‍ മുറിവുണ്ടായതില്‍ സംശയമുണ്ടെന്നും അരവിന്ദ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് അന്വേഷണം നടത്തും.

Related News