പനി ബാധിച്ച്‌ മരിച്ച 12കാരിയുടെ അയല്‍വീട്ടിലെ നായയ്ക്ക് പേവിഷബാധ; വീട്ടിലെ വളര്‍ത്തുനായ ചത്തത് രണ്ടാഴ്ച മുന്‍പ്

  • 08/07/2025

അങ്കമാലി അയ്യമ്ബുഴ ചുള്ളിയില്‍ പനി ബാധിച്ച്‌ മരിച്ച ബാലിക പടയാട്ടി ജെനീറ്റയുടെ (12) അയല്‍വീട്ടിലെ നായയ്ക്ക് പേവിഷബാധ. കുട്ടി മരിച്ച അന്നുതന്നെയാണ് അയല്‍വാസിയുടെ വീട്ടിലെ നായയും ചത്തത്. മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.

ജെനീറ്റയുടെ വീട്ടിലെ നായയും രണ്ടാഴ്ച മുന്‍പ് ചത്തിരുന്നു. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് ബാലികയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂ. തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലേക്കും സാമ്ബിളുകള്‍ അയച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലികയ്ക്ക് പനി ബാധിച്ചത്. ചുള്ളിയിലെ കുടുംബാരോഗ്യകേന്ദ്രത്തില്‍ നിന്ന് വൈറല്‍ പനിക്കുള്ള മരുന്ന് നല്‍കിയെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ ശക്തിയായ ചുമയെ തുടര്‍ന്ന് ബാലിക ഉറക്കത്തില്‍ നിന്ന് ഉണരുകയായിരുന്നു.

അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കലശലായ വയറുവേദനയും അനുഭവപ്പെട്ടു. ശുചിമുറിയില്‍ പോകുന്നതിനിടെ ബാലിക കുഴഞ്ഞുവീണു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇതിന് പിന്നാലെയാണ് കുഴിച്ചിട്ട നായയെ പുറത്തെടുത്ത് വെറ്ററിനറി സര്‍വകലാശാലയിലേക്ക് കൊണ്ടുപോയത്. ചുള്ളിയിലും പരിസരപ്രദേശങ്ങളിലും ജില്ലാ മെഡിക്കല്‍ സംഘം ഇന്നലെ പരിശോധന നടത്തി.

Related News