മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി

  • 16/03/2023

ഇടുക്കി: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാൽ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകൻ ബെൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ലിജയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് മരണമടഞ്ഞത്. ആലക്കോട് സർവീസ് സഹകരണ ബാങ്ക് മാനേജറാണ് മരിച്ച ലിജ.

കഴിഞ്ഞ ദിവസമാണ് നവജാത ശിശു  ലിജയുടെ കൈകളിൽ കിടന്ന് പാല് കുടിക്കുന്നതിനിടെ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചത്. അപ്പോൾ മുതൽ  ലിജ കടുത്ത മനസിക സംഘർഷത്തിലായിരുന്നു. ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തിയത്. ശേഷം ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ഇവർ. എപ്പോഴും അമ്മയും സഹോദരങ്ങളും ലിജക്കൊപ്പമുണ്ടായിരുന്നു. ഇന്നു പുലർച്ചെ പള്ളിയിൽ പോകാനായി അമ്മയും സഹോദരങ്ങളും ഒരുങ്ങുന്നതിനിടയിലാണ് ലിജ മൂത്ത കുട്ടിയുമായി കിണറ്റിൽ ചാടിയത്.

വീട്ടിലെ 40 അടിയോളം താഴ്ച്ചയുള്ള കിണറിലേക്കാണ് ലിജ മകനുമായി ചാടിയത്. ഉടൻ തന്നെ പീരുമേടിൽ നിന്നും ഫയർഫോഴ്‌സ് സംഘമെത്തി. ഇരുവരെയും പുറത്തെടുത്തു. അപ്പോഴേക്കും ഇരുവർക്കും ജീവൻ നഷ്ടമായിരുന്നു. മൃതദേഹങ്ങൾ കട്ടപ്പന താലൂക്കാശുപത്രിയിലേക്ക് മാറ്റി. രണ്ടു വർഷം മുൻപ് ലിജയുടെ മറ്റൊരു കുട്ടിയും വിവിധ അസുഖങ്ങളെ തുടർന്ന്  മരിച്ചിരുന്നു. തിടനാട് സ്വദേശിയായ കുമ്മണ്ണുപറമ്പിൽ ടോം ആണ് ലിജയുടെ ഭർത്താവ്. പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

Related News