മെയ്-ജൂൺ മാസങ്ങളിൽ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

  • 10/07/2025



കുവൈത്ത് സിറ്റി: 2025 മേയ്, ജൂൺ മാസങ്ങളിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഡിപോർട്ടേഷൻ ആൻഡ് ഡിറ്റൻഷൻ വകുപ്പ് ഏകദേശം 6,300 പ്രവാസികളെ നാടുകടത്തിയതായി അധികൃതർ അറിയിച്ചു. താമസവും തൊഴിലും സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചവരെയാണ് ഈ കാലയളവിൽ അവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയച്ചത്.

നാടുകടത്തൽ നടപടികൾ വേഗത്തിലാക്കാൻ മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങൾ ചേർന്ന് കർശന നടപടികൾ കൈക്കൊണ്ടുവരികയാണ്. താമസ അനുമതിയും തൊഴിൽ വിസയും അനധികൃതമായി ഉപയോഗിച്ചവർക്കെതിരായ നടപടി മനുഷ്യാവകാശ പരിഗണനകളോടൊപ്പം തുടരുന്നതായി മന്ത്രാലയ വക്താക്കൾ അറിയിച്ചു.

താൽക്കാലിക തടങ്കൽ കേന്ദ്രങ്ങളിൽ നാടുകടത്തൽ നടപടികൾ പൂർത്തിയാകുന്നത് വരെ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, ചികിത്സ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിന് പ്രത്യേകം ശ്രദ്ധിക്കുകയാണെന്നും അവർ അറിയിച്ചു. ചിലരുടെ കേസുകൾ കോടതികളിൽ പരിഗണനയിലായിരുന്നെന്നും നിയമപരമായ നടപടികൾക്ക് ശേഷം മാത്രമാണ് നാടുകടത്തൽ നടന്നതെന്നും അറിയിച്ചു.

രാജ്യമാകെയുള്ള പരിശോധനകളിൽ പിടിയിലാകുന്ന നിയമലംഘകരെ ആഭ്യന്തര മന്ത്രാലയത്തിലെ ഫീൽഡ് യൂണിറ്റുകൾ ഡിപോർട്ടേഷൻ വിഭാഗത്തിലേക്ക് കൈമാറുന്നതായി വിശദീകരണത്തിൽ അറിയിച്ചു. കുവൈത്തിലെ നിയമലംഘനങ്ങൾ തടയാനും ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടികളെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News