'സാധനം എടുത്തുവച്ചോ, ഇപ്പോ മീനില്‍ മണ്ണെണ്ണ ഒഴിക്കും'; ഭീഷണിയുമായി സിപിഎം നേതാവ്

  • 09/07/2025

മത്സ്യവില്‍പ്പന നിര്‍ത്തിയില്ലെങ്കില്‍ മീനില്‍ മണ്ണെണ്ണ ഒഴിക്കുമെന്ന ഭീഷണിയുമായി മുക്കം മാര്‍ക്കറ്റിലെത്തി പണിമുടക്ക് അനുകൂലികള്‍. അഖിലേന്ത്യാ പണിമുടക്കില്‍ എല്ലാവരും പങ്കെടുക്കുന്നുണ്ടെന്നും അതിനിടെ കട തുറക്കാന്‍ ആരുപറഞ്ഞെന്നും ചോദിച്ചാണ് പണിമുടക്ക് അനുകൂലികള്‍ എത്തിയത്.

സിപിഎം കോഴിക്കോട്‌ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗവുമായ ടി വിശ്വനാഥന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് വില്‍പന നിര്‍ത്തിയില്ലെങ്കില്‍ മീനില്‍ മണ്ണെണ്ണ ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. മണ്ണെണ്ണ കയ്യിലുണ്ട് ഒഴിക്കാന്‍ മടിക്കില്ലെന്ന ഭീഷണി കൂടി ഉയര്‍ന്നതോടെ വ്യാപാരി മീനുകള്‍ തട്ടില്‍ നിന്ന് എടുത്തുമാറ്റി.

'ഈ നാട് മുഴുവന്‍ ഇന്ന് സമരത്തില്‍ പങ്കെടുക്കുമ്ബോള്‍ നിങ്ങള്‍ മാത്രം ലാഭം ഉണ്ടാക്കാന്‍ ഇറങ്ങിയിരിക്കുകയാണോ?. സാധനം എടുത്തുവച്ചോ?. ഇല്ലെങ്കില്‍ ഇപ്പോ മണ്ണെണ്ണ ഒഴിക്കും. നിനക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത?. നീ മാത്രം ഒരു പോക്കിരി. തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഈ സമരം. നിന്നെപ്പോലത്തെ ചെറ്റകള്‍ കരിങ്കാലി പണിയെടുക്കുകയാണോ?. തിരിച്ചുവരുമ്ബോഴെക്കും കട പൂട്ടിയില്ലെങ്കില്‍ മേശമേല്‍ ഒന്നും കാണില്ല' എന്നായിരുന്നു സിപിഎം നേതാവിന്റെ ഭീഷണി.

മുക്കത്തെ മിനി സിവില്‍ സ്റ്റേഷനും പ്രദേശത്ത് തുറന്ന മാളും സമരാനുകൂലികളുടെ പ്രതിഷേധത്തില്‍ രാവിലെ പൂട്ടിയിരുന്നു. പൊലീസ് നോക്കി നില്‍ക്കെയാണ് സമരാനുകൂലികള്‍ മാളുകള്‍ അടപ്പിച്ചത്. കോഴിക്കോട് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലുള്ള ഭക്ഷണശാലയും അടപ്പിച്ചു. ബംഗളൂരുവില്‍നിന്നടക്കം വന്ന ദീര്‍ഘദൂര ബസുകളും തടയുന്ന സ്ഥിതിയുണ്ടായി.

Related News