പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതികൾക്കായി തിരച്ചിൽ; പിതാവ് അറസ്റ്റിൽ

  • 09/07/2025




കുവൈത്ത് സിറ്റി: അൽ മുത്‌ലയിൽ രണ്ട് പോലീസ് പട്രോൾ വാഹനങ്ങൾ തകർക്കുകയും ഒരു ഫസ്റ്റ് ലെഫ്റ്റനൻ്റിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് വയോധികനായ ഒരാൾ അറസ്റ്റിൽ. ഇയാളുടെ രണ്ട് മക്കൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.60 വയസ്സുകാരനായ പിതാവാണ് മക്കളെ രക്ഷപ്പെടാൻ സഹായിച്ചതിന് അറസ്റ്റിലായത്. സർക്കാർ മുതൽ നശിപ്പിക്കൽ, പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളുടെ മക്കളെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അൽ മുത്‌ല സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഒരു പോലീസ് പട്രോൾ സംഘം പ്രദേശത്ത് നടത്തിയ പരിശോധനക്കിടെ സഹോദരങ്ങളുടെ വാഹനം തടഞ്ഞതാണ് സംഭവം. ഡ്രൈവറുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടപ്പോൾ ഇയാൾ വിസമ്മതിക്കുകയും ഞാൻ പിടികിട്ടാപ്പുള്ളിയാണ്, എൻ്റെ ഐഡി തരില്ല എന്ന് പറയുകയും ചെയ്തു. തുടർന്ന് ഇയാൾ വേഗതയിൽ വാഹനമോടിച്ച് ഒരു പോലീസ് പട്രോൾ കാറിൽ ഇടിച്ചു. മറ്റൊരു പട്രോൾ വാഹനം തടയാൻ ശ്രമിച്ചപ്പോൾ അതിലും ഇടിച്ച് കേടുപാടുകൾ വരുത്തി. അതിനുശേഷം ഇരുവരും വീട്ടിലേക്ക് പോകുകയും, അവിടെ വെച്ച് പിതാവ് പോലീസിനോട് മോശമായി സംസാരിക്കുകയും മക്കളെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്യുകയായിരുന്നു.

Related News