'യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണയുള്ളയാള്‍'; സര്‍വേ ഫലം ഷെയര്‍ ചെയ്ത് ശശി തരൂര്‍

  • 09/07/2025

യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണ ശശി തരൂരിനെന്ന സര്‍വേഫലം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച്‌ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓണ്‍ലൈന്‍ സൈറ്റിലെ വാര്‍ത്ത തരൂര്‍ എക്‌സില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 28.3 ശതമാനം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ പിന്തുണച്ചത്.

വോട്ട് വൈബ് എന്ന ഏജന്‍സിയാണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേഫലം അനുസരിച്ച്‌ നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെക്കാള്‍ ബഹുദൂരം മുന്നിലാണ് തരൂര്‍. സതീശന് 15.4 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവും കൂടിയായ രമേശ് ചെന്നിത്തലയെ 8.2 ശതമാനം പേരാണ് പിന്തുണയ്ക്കുന്നത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനെ 6 ശതമാനം പേരും കെ സുധാകരനെ 5 ശതമാനം പേരും സര്‍വേയില്‍ പിന്തുണയ്ക്കുന്നു.കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാലിനെ 4.2 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നു. മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയെ 4 ശതമാനം പേരും ഉയര്‍ത്തിക്കാട്ടുന്നു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ 2 ശതമാനം ആളുകളാണ് പിന്തുണച്ച്‌ രംഗത്തു വന്നിട്ടുള്ളത്.

Related News