കുവൈത്ത് കടലിൽ വേനൽക്കാലത്ത് സ്രാവുകളും ജെല്ലിഫിഷുകളും കൂടുന്നതായി റിപ്പോർട്ട്

  • 09/07/2025



കുവൈത്ത് സിറ്റി: വേനൽക്കാലത്ത് ജലത്തിന്റെ താപനില വർധിക്കുന്നതിനാൽ രാജ്യത്ത് സ്രാവുകളും ജെല്ലിഫിഷുകളും ധാരാളമായി കാണപ്പെടുന്നുണ്ടെന്ന് എൻവയോൺമെന്റൽ വളണ്ടറി ഫൗണ്ടേഷനുമായി അഫിലിയേറ്റ് ചെയ്ത കുവൈത്ത് ഡൈവിംഗ് ടീം തലവൻ വാലിദ് അൽ ഫാദൽ അറിയിച്ചു. കുവൈത്തിലെ വടക്കൻ പ്രദേശങ്ങളിലെ ചെളി നിറഞ്ഞ കടൽ ഭാഗങ്ങളിലാണ് സ്രാവുകൾ കൂടുതലായി കാണപ്പെടുന്നത്. അതേസമയം, പവിഴപ്പുറ്റുകളുള്ള തെക്കൻ പ്രദേശങ്ങളിൽ ഇവയുടെ സാന്നിധ്യം കുറവാണ്. തെക്കൻ ഭാഗങ്ങളിൽ കാണുന്ന സ്രാവുകൾ പൊതുവെ നിരുപദ്രവകാരികളാണെന്നും മനുഷ്യരെ അപൂർവ്വമായി മാത്രമേ ആക്രമിക്കാറുള്ളൂ എന്നും അൽ ഫാദൽ ചൂണ്ടിക്കാട്ടി.
കുവൈത്തിൽ സ്രാവുകൾക്ക് ചരിത്രപരമായ സാന്നിധ്യമുണ്ടെന്നും കടൽ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ അവയ്ക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിൽ സ്രാവുകൾ വംശനാശ ഭീഷണി നേരിടുകയാണെന്നും, മനുഷ്യന്റെ തെറ്റായ പ്രവർത്തനങ്ങൾ കാരണം ഏകദേശം 20 മുതൽ 30 ശതമാനം സ്രാവുകളും നശിച്ചുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News