പെട്രോൾ, ഡീസൽ നിരക്കുകൾ ഉയരും, ആവശ്യ സാധനങ്ങൾക്കും വിലയേറും; നികുതി നിർദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

  • 31/03/2023

സംസ്ഥാനത്ത് പുതിയ നികുതി നിർദേശങ്ങൾ പ്രാബല്യത്തിൽ. പെട്രോൾ, ഡീസൽ വില കൂടിയതോടെ ആവശ്യസാധനങ്ങൾക്കും വിലയേറും. ഭൂമിയുടെ ന്യായവില 20 ശതമാനം വർധിച്ചു. വാഹന, കെട്ടിട നികുതി വർധനക്കൊപ്പം ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതി അഞ്ചാക്കി കുറച്ചതും ഇന്ന് മുതൽ പ്രാബല്യത്തിലായി. പൊതുജനത്തിന്റെ നടുവൊടിച്ച് പുതിയ നികുതി നിർദേശങ്ങൾ സംസ്ഥാനത്ത് പ്രാബല്യത്തിൽ. സാമൂഹ്യസുരക്ഷ പെൻഷനുള്ള പണം കണ്ടെത്താനാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് വർധിപ്പിച്ചത്. രാത്രി 12 മണി മുതൽ വില വർധവന് പ്രാബല്യത്തിൽ വന്നു. 500 മുതൽ 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും വർധിച്ചു.

ഭൂമിയുടെ ന്യായവില 20 ശതമാനം കൂടി. ആനുപാതികമായി റജിസ്ട്രേഷൻ ചെലവും ഉയർന്നു. പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ നികുതിയും കൂടിയിട്ടുണ്ട്. മോട്ടോർ സൈക്കിളുകൾക്ക് 2 ശതമാനവും പുതിയ കാറുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും ഒന്ന് മുതൽ രണ്ട് ശതമാനം വരെയുമാണ് വർധന. വൈദ്യുതി തീരുവ 5 ശതമാനമാക്കി. ഫ്ലാറ്റുകളും അപ്പാർട്ട്മെന്റുകളും നിർമ്മിച്ച് ആറ് മാസത്തിനകം മറ്റൊരാൾക്ക് കൈമാറുമ്പോഴുള്ള 5 ശതമാനം മുദ്രപത്ര നിരക്ക് ഏഴ് ശതമാനമായി. 

കെട്ടിട നികുതിയിലും ഉപനികുതികളിലും അഞ്ച് ശതമാനമാണ് വർധനവ് .ജൂഡീഷ്യൽ കോർട്ട് ഫീ സ്റ്റാന്പുകളുടെ നിരക്ക് കൂടി. ചിലമേഖലകളിൽ പ്രഖ്യാപിച്ച ഇളവുകളും പ്രാബല്യത്തിലായി.വിൽപ്പന നടന്ന ഭൂമി മൂന്ന് മാസത്തിനുള്ളിൽ വിൽക്കുകയാണെങ്കിൽ ഇരട്ടി സ്റ്റാന്പ് ഡ്യൂട്ടി നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറഞ്ഞു.

Related News