നിമിഷപ്രിയയുടെ മോചനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യം; പ്രധാനമന്ത്രിക്ക് കത്തയച്ച്‌ ജോണ്‍ ബ്രിട്ടാസും കെ രാധാകൃഷ്ണനും

  • 09/07/2025

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിനും കത്തയച്ചു. സിപിഎം എംപിമാരായ ജോണ്‍ ബ്രിട്ടാസും കെ. രാധാകൃഷ്ണനുമാണ് കത്തയച്ചത്.

നിമഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കുന്നതിനാല്‍ നടപടി ഒഴിവാക്കാനുള്ള ഇടപെടല്‍ നിര്‍ണായകമാണെന്ന് ജോണ്‍ ബ്രിട്ടാസ് അയച്ച കത്തില്‍ പറയുന്നു. വിദേശത്തുള്ള ഇന്ത്യന്‍ പൗരന്റെ ജീവന്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ വേഗത്തില്‍ ഇടപെടുമെന്ന് വിശ്വസിക്കുന്നുവെന്ന് കെ. രാധാകൃഷ്ണന്‍ കത്തില്‍ ആവശ്യപ്പെട്ടു.

ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാനാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. നിമിഷപ്രിയ തടവില്‍ കഴിയുന്ന സനായിലെ ജയില്‍ അധികൃതര്‍ക്കാണ് വധശിക്ഷ നടപ്പാക്കാന്‍ നിര്‍ദേശിച്ചുള്ള കത്ത് നല്‍കിയത്. അതിനാല്‍ ഒരാഴ്ച മാത്രമാണ് ഇനി മുന്നിലുള്ള സമയം. ഈ ഘട്ടത്തില്‍ മോചനമോ ശിക്ഷാ ഇളവോ ആവശ്യപ്പെട്ട് കേന്ദ്രം ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം. നയതന്ത്ര ഇടപെടലിലൂടെ യെമെന്‍ അധികൃതരുമായി ചര്‍ച്ച നടത്തണമെന്നും കത്തില്‍ പറയുന്നു.

Related News