സ്ത്രീകളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി ഉയർത്തൽ; എതിർപ്പുമായി കേരളം

  • 31/03/2023

തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 21 ആക്കാനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമ ഭേദഗതിയെ എതിര്‍ത്ത് കേരളത്തിന്റെ കത്ത്. സംസ്ഥാന വനിതാ-ശിശുവികസന വകുപ്പാണ് സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ കത്തയച്ചത്. 1875ലെ നിയമപ്രകാരം പ്രായപൂര്‍ത്തി വോട്ടവകാശം 18 വയസാണെന്നതും സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിന് 18 വയസായിരിക്കണമെന്ന പോക്സോ നിയമത്തിലെ വ്യവസ്ഥയുമൊക്കെ ചൂണ്ടിക്കാട്ടിയാണ് കേരളം വിവാഹപ്രായമുയര്‍ത്തുന്നതിനെതിരെ നിലപാടെടുത്തത്.


യൂണൈറ്റഡ് നേഷന്‍സ് ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍, യുണിസെഫ് എന്നിവരുടെ പ്രമേയങ്ങള്‍ പ്രകാരം 18 വയസിന് താഴെയുള്ള വിവാഹങ്ങള്‍ ശൈശവ വിവാഹത്തിന്റെ പരിധിയില്‍ വരും. വിവാഹപ്രായം ഉയര്‍ത്തുന്നത് അന്താരാഷ്ട്ര ധാരണകളെ ലംഘിക്കുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

നിയമപ്രകാരം വിവാഹം കഴിക്കാനുള്ള പ്രായപരിധി 21 വയസാവുകയും എന്നാല്‍ നിയമപ്രകാരം പ്രായപൂര്‍ത്തിയാകുന്നത് 18 വയസായിരിക്കുന്നതും നിയമപ്രശ്നങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും കാരണമാകും. 2017ലെ സുപ്രീംകോടതി വിധിക്കെതിരായിരിക്കും ഈ നീക്കം. മാത്രമല്ല വിവാഹപ്രായം ഉയര്‍ത്തുന്നത് അപ്രതീക്ഷിത ഗര്‍ഭധാരണത്തിന് വഴിതെളിക്കുകയും അങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്നും കത്തില്‍ പറയുന്നു. ഇങ്ങനെയുണ്ടാകുന്നത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും കാരണമാകും. നിര്‍ബന്ധിത ഗര്‍ഭം അലസിപ്പിക്കലിന് കാരണമാകും. അതുകൊണ്ട് വിവാഹപ്രായമുയര്‍ത്തുന്നത് പ്രായോഗിക തലത്തില്‍ സാധ്യമാകില്ല.

Related News