രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

  • 24/03/2023

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും വയനാട് ലോക്സഭാ എംപിയുമായ രാഹുല്‍ ഗാന്ധിയെ വിവാദ പ്രസംഗക്കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് അയോഗ്യനാക്കിയ നടപടിക്കടക്കമെതിരെ പ്രതിഷേധവുമായി തിരുവനന്തപുരത്ത് ഇടതുയുവജന സംഘടനയായ ഡിവൈഎഫ്‌ഐ പ്രകടനം നടത്തി.


രാജ്യത്തെ പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരെ വേട്ടയാടുന്ന മോദി സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെയും പ്രതിപക്ഷ എംപിമാരെ ദില്ലിയില്‍ അറസ്റ്റ് ചെയ്തതിനെതിരെയുമാണ് തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയത്. മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ ദില്ലിയില്‍ സമരം നടത്തിയ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ നടപടി പ്രതിപക്ഷ നേതൃനിരയെ വേട്ടയാടുന്നതിന്റെ ഭാഗമാണെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി.

പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്ക് മുന്‍കൈയുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ ഭീഷണി തുടരുകയാണ്. പ്രതിപക്ഷത്തെ പ്രധാന നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ കേസെടുക്കുന്നത് ഇതിന്റെ ഭാഗമാണ്. ഇത്തരം ഏകാധിപത്യ നിലപാടുകള്‍ക്കെതിരെ പ്രതികരിച്ച പ്രതിപക്ഷ എം പിമാരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തത് അംഗീകരിക്കാനാവില്ലെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏജീസ് ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച്‌ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.അനൂപ് അധ്യക്ഷത വഹിച്ചു.

Related News