നിയമസഭ സംഘർഷ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും

  • 16/03/2023

തിരുവനന്തപുരം: നിയമസഭ സംഘർഷ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കൈയാങ്കളിയിൽ പരിക്കേറ്റവരെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക. നിയമസഭക്കുള്ളിൽ കയറി തെളിവെടുക്കുന്നതിൽ നിയമസഭ സെക്രട്ടറിയേറ്റിന്റെ തീരുമാനമായിരിക്കും കേസിൽ നിർണായകമാവുക. ജനപ്രതിനിധികളും പൊലിസുകാരും ഉൾപ്പെടുന്ന കേസായിതിനാലാണ് പ്രത്യേക സംഘത്തിന് കൈമാറുന്നത്. നിയമസഭക്കുള്ളിൽ നടന്ന സംഘർഷമായാലും ഗുരുതര കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിച്ചാൽ കേസെടുക്കുന്നതിൽ പൊലിസിന് തടസ്സമില്ല. പക്ഷെ തുടർനടപടിക്ക് നിയമസഭ സെക്രട്ടറിയേറ്റിന്റെ അനുമതി ആവശ്യമാണ്.

നിയമസഭ കൈയാങ്കളിക്കിടെ പരിക്കേറ്റവരെ കുറിച്ച് ജനറൽ ആശുപത്രിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്.ചാലക്കുടി എംഎൽഎ സനീഷ് കുമാർ, പരിക്കേറ്റ വനിതാ വാർഡൻ ഷീന എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയ്ത. വാച്ച് ആൻറ് വാർഡ് ആയ ഷീന രേഖമൂലം പൊലിസിൽ പരാതി നൽകുകയും ചെയ്തു. ഇനി സ്പീക്കറുടെ ഓഫീസിന് മുന്നിൽ മഹസ്സർ തയ്യാറാക്കണം, സിസിടിവി ദൃശ്യങ്ങളും, സഭാ സിടി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പൊലിസിന് ശേഖരിക്കണം.

ഇക്കാര്യത്തിൽ പൊലിസ് കത്ത് നൽകിയാൽ നിയമസഭ സെക്രട്ടറി എന്തു നടപടി സ്വീകരിക്കുമെന്നത് നിർണായകമാണ്. മാത്രമല്ല ഒരേ സ്ഥലത്തുനടന്ന സംഭവത്തിൽ ഭരണ-പ്രതിപക്ഷ എംഎൽഎമാർക്കെരികെ ചുമത്തിയത് വ്യത്യസ്ത വകുപ്പുകളാണ്. ഭരണകക്ഷി എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയപ്പോൾ, പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാവകുപ്പാണ് ചുമത്തിയത്. പൊലിസ് നടപടിയെ നിയമപരമായി ചോദ്യം ചെയ്യാൻ പ്രതിപക്ഷ എംഎൽഎമാർ തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റ കെ.കെ.രമ എംഎൽഎ ഡിജിപിക്ക് പരാതി നൽകിയെങ്കിലും മൊഴിയെടുക്കുകയോ കേസെടുക്കുകയോ ചെയ്തില്ല. ആറ് എംഎൽഎമാർക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം കോടതിയെ സമീപിച്ചാൽ അപ്പോഴും പൊലിസ് നിലപാട് നിർണയാകമാകും.

Related News