ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു; മക്കയിലെ ഹറം പള്ളി പ്രാർത്ഥനാ മുഖരിതം

  • 19/10/2020

ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍ ആരംഭിച്ചു. ഈ ഘട്ടത്തിൽ 15,000 പേർക്ക് വരെ പ്രതിദിനം ഉംറ കർമ്മങ്ങൾ നിർവ്വഹിക്കാം. 40,000 സന്ദർശകർക്കും  അനുമതി ലഭിച്ചതോടെ മക്കയിലെ ഹറം പള്ളി പ്രാർത്ഥനാ മുഖരിതം. മദീനയിലെ പ്രവാചക പള്ളിയും തുറന്നു.  പുറത്തുനിന്നുള്ളവർക്കും ഇനിമുതൽ നമസ്കാരം നടത്താമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഇനിമുതൽ പ്രതിദിനം 40,000 പേർ ഹറമിൽ നമസ്കാരത്തിനെത്തും. 14 ദിവസത്തോളം നീണ്ടു നിൽക്കുന്ന ഉംറ തീർത്ഥാടനത്തിന്റെ രണ്ടാംഘട്ടത്തിൽ രണ്ടു ലക്ഷത്തി ഇരുപതിനായിരം പേർ തീർത്ഥാടനം നിർവ്വഹിക്കാൻ എത്തും. പ്രാർത്ഥനാ കർമ്മങ്ങൾക്കായി മസ്ജിദുൽ ഹറമിൽ 5,60,000 പേർ ഒത്തുചേരും. മദീന റൗളയിലേക്കുള്ള സന്ദർശനവും അവിടെ വച്ചുള്ള നമസ്കാരവും ഇന്നുമുതൽ ആരംഭിച്ചു. 11,880 പേർക്കാണ് റൗളാ സന്ദർശനത്തിനുള്ള അനുമതി നൽകിയിട്ടുള്ളത്.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിർത്തിവച്ച ഉംറ തീർത്ഥാടനം ഒക്ടോബർ നാലിനാണ് പുനരാരംഭിച്ചത്. ആദ്യഘട്ടത്തിൽ പ്രതിദിനം 6000 തീർഥാടകർക്ക് മാത്രമായിരുന്നു പ്രവേശനാനുമതി നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് പ്രാർത്ഥനാ കർമ്മങ്ങൾ നിർവഹിക്കുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

Related News