65 വർഷങ്ങൾക്ക് ശേഷം ക്രിമിനൽ നടപടിക്രമങ്ങൾ പരിഷ്കരിക്കാനൊരുങ്ങി കുവൈറ്റ്

  • 03/09/2025



കുവൈത്ത് സിറ്റി: ക്രിമിനൽ നടപടിക്രമങ്ങളും വിചാരണ നിയമങ്ങളും പരിഷ്കരിക്കുന്നതിനായി ഒരു പ്രത്യേക സമിതി രൂപീകരിച്ച് നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ സുമൈത്ത്. നിയമപരമായ സംവിധാനം വികസിപ്പിക്കാനും പ്രായോഗികമായ വെല്ലുവിളികൾ പരിഹരിക്കാനുമുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണിത്. വിചാരണയ്ക്ക് മുൻപുള്ള തടങ്കൽ, അപ്പീൽ രീതികൾ, വിധി നടപ്പാക്കൽ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രധാനമായും സമിതി പരിശോധിക്കുക.

65 വർഷങ്ങൾക്ക് മുൻപാണ് നിലവിലെ ക്രിമിനൽ നടപടിക്രമങ്ങളും വിചാരണ നിയമങ്ങളും നിലവിൽ വന്നത്. ആഗോള നിയമ പരിഷ്കാരങ്ങൾക്കൊപ്പം സഞ്ചരിക്കാനും, നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കിക്കൊണ്ട് കേസുകൾ വേഗത്തിൽ തീർപ്പാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയമം തയ്യാറാക്കുകയെന്ന് അൽ-സുമൈത്ത് പറഞ്ഞു.

പുതിയ നിയമം മനുഷ്യാവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും സംരക്ഷിക്കുന്നതിനൊപ്പം, നിയമപരമായ നടപടികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കും. നിയമവ്യവസ്ഥയുടെ സമഗ്രമായ നവീകരണത്തിനാണ് മന്ത്രാലയം ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

Related News