രാജ്യദ്രോഹക്കേസ്; കരണ്‍ ഥാപ്പറിനും സിദ്ധാര്‍ഥ് വരദരാജനും ഗുവാഹത്തി പൊലീസിന്‍റെ നോട്ടീസ്

  • 19/08/2025

മുതിർന്ന മാധ്യമ പ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനുമെതിരെ രാജ്യ ദ്രോഹകുറ്റം ചുമത്തി അസം പൊലീസ്. ഇരുവര്‍ക്കും ഗുവാഹത്തി പൊലീസാണ് നോട്ടീസയച്ചു. 22ന് ഗുവാഹത്തിയിലെ പാൻബസാറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാൻ രണ്ട് മാധ്യമപ്രവർത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇരുവരെയും ചോദ്യം ചെയ്യാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് സമൻസില്‍ പറയുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസിനെക്കുറിച്ച്‌ അറിയാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ ആവർത്തിച്ച്‌ വിളിച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് വ്യക്തമാക്കുന്നു. ആഗസ്ത് 14നാണ് വരദരാജന് നോട്ടീസ് ലഭിച്ചത്. ഥാപ്പറിന് തിങ്കളാഴ്ചയും. നിശ്ചിത തിയതിയില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും സമൻസില്‍ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ സൗമർജ്യോതി റേയാണ് സമൻസ് അയച്ചത്.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ പേരില്‍ വാര്‍ത്താ പോര്‍ട്ടലായ ദി വയറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ കടുത്ത നടപടികള്‍ സുപ്രിം കോടതി തടഞ്ഞിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നെന്ന വാര്‍ത്തയുടെ പേരിലായിരുന്നു ദി വയറിനെതിരെ കേസെടുത്തത്. എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്നായിരുന്നു ഇടക്കാല ഉത്തരവ്. ചോദ്യം ചെയ്യലിനോട് സഹകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

Related News