സ്വകാര്യ സ്കൂളുകളിലെ ഫീസ് വർദ്ധനവ് ഒഴിവാക്കി വിദ്യാഭ്യാസ മന്ത്രാലയം

  • 03/09/2025



കുവൈത്ത് സിറ്റി: സ്വകാര്യ സ്കൂളുകളിലെ ഫീസ് വർദ്ധനവ് തടഞ്ഞുകൊണ്ടുള്ള മന്ത്രിതല ഉത്തരവ് വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവന്ന് വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയർ സയ്യിദ് ജലാൽ അൽ-തബ്തബായി ഉത്തരവിട്ടു. 2018-ലെ 10-ാം നമ്പർ മന്ത്രിതല ഉത്തരവിന്റെ നിബന്ധനകൾ തുടരാനാണ് തീരുമാനം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമേൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് ഈ നീക്കം. അതനുസരിച്ച്, 2025/2026 അധ്യയന വർഷത്തേക്ക് ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്വകാര്യ സ്കൂളുകളിലെ ഫീസുമായി ബന്ധപ്പെട്ട് 2020-ലെ 61-ാം നമ്പർ മന്ത്രിതല ഉത്തരവിലെ വ്യവസ്ഥകളും തുടർന്നും നടപ്പാക്കും.

ഈ ഉത്തരവ് ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ ഉചിതമായ പിഴ ചുമത്താൻ വിദ്യാഭ്യാസകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിക്ക് അധികാരം നൽകിയിട്ടുണ്ട്. കൂടാതെ, ഫീസ് നിയന്ത്രിക്കുന്ന നിയമപരമായ വ്യവസ്ഥകൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രി നിർദ്ദേശിച്ചു.

രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ സ്ഥിരത നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ പ്രക്രിയയിൽ നീതിയും സ്ഥിരതയും ഉറപ്പാക്കാൻ ഫീസ് നിയന്ത്രിക്കുന്നത് അനിവാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News