കുവൈത്തിൽ പൂർണ്ണ ചന്ദ്രഗ്രഹണം: 'ബ്ലഡ് മൂൺ' അപൂർവ്വ കാഴ്ചയൊരുക്കും

  • 02/09/2025



കുവൈത്ത് സിറ്റി: കുവൈത്തിൻ്റെ ആകാശത്ത് അടുത്ത ഞായറാഴ്ച പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഈ വർഷത്തെ രണ്ടാമത്തെയും അപൂർവവുമായ ഈ ജ്യോതിശാസ്ത്ര പ്രതിഭാസം ഒരു ബ്ലഡ് മൂൺ ആയിരിക്കുമെന്ന് അൽ അജ്‌രി സയന്റിഫിക് സെന്റർ ഡയറക്ടർ യൂസഫ് അൽ-അജാരി അറിയിച്ചു.

ചന്ദ്രൻ പൂർണ്ണമായി ഭൂമിയുടെ നിഴലിലേക്ക് പ്രവേശിക്കുന്നതിനാൽ ചന്ദ്രന്റെ നിറം ചെമ്പ്-ചുവപ്പ് നിറമായി മാറും. ഈ പ്രതിഭാസമാണ് 'ബ്ലഡ് മൂൺ' എന്ന് അറിയപ്പെടുന്നത്. തുടക്കം മുതൽ അവസാനം വരെ ഈ കാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ തീരപ്രദേശങ്ങളിലും തുറന്ന സ്ഥലങ്ങളിലും ഈ ബ്ലഡ് മൂൺ വ്യക്തമായി ദൃശ്യമാകും. ഈ കാഴ്ച കാണുന്നതിന് നഗ്നനേത്രങ്ങൾക്കോ, ടെലിസ്കോപ്പിനോ, ബൈനോക്കുലറുകൾക്കോ യാതൊരു ദോഷവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നതിനായി കുവൈത്ത് യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് ഡിപ്പാർട്ട്‌മെന്റ് ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട്. കുവൈത്ത് നാഷണൽ സെന്റർ ഫോർ സ്പേസ് റിസർച്ചുമായി സഹകരിച്ച് അൽ-അജ്‌രി സെന്ററും ഇതിൽ പങ്കുചേരും. ജ്യോതിശാസ്ത്രത്തിൽ താൽപര്യമുള്ളവർക്ക് ഈ അപൂർവ കാഴ്ച നേരിൽ കാണാൻ ഇത് അവസരമൊരുക്കും.

Related News