'16 ദിവസം, 20+ ജില്ലകള്‍, 1300+ കിലോമീറ്റര്‍'; ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ 'വോട്ട് അധികാര്‍ യാത്ര' നാളെ മുതല്‍

  • 16/08/2025

ബിഹാറില്‍ വോട്ടർ പട്ടിക പരിഷ്‌കരണത്തിലൂടെ 'വോട്ട് മോഷണം' നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'വോട്ട് മോഷണ'ത്തിന് എതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന 'വോട്ട് അധികാർ യാത്ര' നാളെ ബിഹാറില്‍ തുടങ്ങും. 16 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര ബിഹാറിലെ 20ല്‍ കൂടുതല്‍ ജില്ലകളിലൂടെ കടന്നുപോകും.

അടിസ്ഥാനപരമായ ജനാധിപത്യ അവകാശമായ 'ഒരു വ്യക്തി, ഒരു വോട്ട്' സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഭരണഘടനയെ സംരക്ഷിക്കാൻ ബിഹാറിന്റെ ഒപ്പം ചേരുമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. നാളെ സസാരത്ത് നിന്നാണ് യാത്ര ആരംഭിക്കുന്നത്. സെപ്റ്റംബർ ഒന്നിന് പട്‌നയില്‍ മഹാറാലിയോടെ യാത്ര സമാപിക്കും. നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ബിഹാർ പ്രതിപക്ഷനേതാവ് തേജസ്വി യാദവ്, ഇടത് പാർട്ടി നേതാക്കള്‍ അടക്കമുള്ളവർ പങ്കെടുക്കും.

ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ വോട്ടർ പട്ടിക പരിഷ്‌കരണം വലിയ വിവാദമായിരുന്നു. 65 ലക്ഷം ആളുകള്‍ വോട്ടർ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. ഇവരുടെ പേരുകളും പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണവും പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നല്‍കിയിരുന്നു.

Related News