അനിശ്ചിതത്വത്തിലായി കുവൈത്ത് മൃഗശാല: ടൂറിസം സീസൺ ആരംഭിച്ചിട്ടും തുറക്കുന്നില്ല

  • 01/09/2025


കുവൈത്ത് സിറ്റി: അഞ്ച് പതിറ്റാണ്ടിലേറെയായി കുവൈത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായിരുന്ന കുവൈത്ത് മൃഗശാല അടഞ്ഞു കിടക്കുന്നു. കോവിഡ്-19 മഹാമാരി കാരണം 2020 മാർച്ചിൽ അടച്ച മൃഗശാല, ഭരണപരമായ പ്രശ്നങ്ങളും സ്ഥലത്തെച്ചൊല്ലിയുള്ള തർക്കങ്ങളും കാരണം തുറക്കുന്നതിനെക്കുറിച്ച് ഇനിയും തീരുമാനമായിട്ടില്ല.

തണുപ്പുകാലം വരികയും സുഹൈൽ നക്ഷത്രം ദൃശ്യമാവുകയും ചെയ്തതോടെ കുവൈത്തിൽ ഔട്ട്‌ഡോർ ടൂറിസം സീസൺ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഒമരിയ ഏരിയയിലെ മൃഗശാലയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ധനകാര്യ മന്ത്രാലയത്തിന് കൈമാറുന്നതിനുള്ള നടപടികൾക്ക് തടസങ്ങൾ നേരിടുന്നുണ്ട്.

വർഷങ്ങളായി മൃഗശാല അവഗണിക്കപ്പെടുകയും അറ്റകുറ്റപ്പണികൾ നടത്താതെ നശിക്കുകയും ചെയ്തു. ഇത് കാരണം പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള സർക്കാർ തീരുമാനത്തെത്തുടർന്നാണ് മൃഗശാല അടച്ചത്.

ഒമരിയയിലെ ബ്ലോക്ക് 1-ൽ സ്ഥിതി ചെയ്യുന്ന 106,000 ചതുരശ്ര മീറ്റർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം 'സ്റ്റേറ്റ് പ്രോപ്പർട്ടി' ആയി മാറ്റുന്നതിനുള്ള പുതിയ അപേക്ഷ ധനകാര്യ മന്ത്രാലയം കുവൈത്ത് മുനിസിപ്പാലിറ്റിക്ക് സമർപ്പിച്ചു. പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിയുടെ (പി.ഐ.എഫ്.എസ്.എസ്) സാമ്പത്തിക കമ്മി നികത്തുന്നതിനായി ഈ സ്ഥലം സ്റ്റേറ്റ് ട്രഷറിക്ക് കൈമാറാൻ 2024 ജൂലൈ 8-ന് മുനിസിപ്പൽ കൗൺസിൽ എടുത്ത മുൻ തീരുമാനത്തിന് പകരമായാണ് ഈ നീക്കം.ഈ തർക്കങ്ങൾ കാരണം മൃഗശാലയുടെ പുനർനിർമ്മാണത്തിനോ വീണ്ടും തുറക്കുന്നതിനോ യാതൊരു പദ്ധതികളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Related News