വോട്ടര്‍ പട്ടിക പുതുക്കല്‍: അവധികള്‍ ഒഴിവാക്കി, തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും

  • 08/08/2025

വോട്ടര്‍ പട്ടിക പുതുക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരമാണ് രണ്ടാം ശനി, ഞായര്‍ അവധികള്‍ ഒഴിവാക്കിയത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 12 വരെയാണ് നീട്ടിയിരിക്കുന്നത്.

27.58 ലക്ഷം പേരാണ് ഇന്നലെ വൈകീട്ട് വരെ പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചത്. തിരുത്തലിന് 10,559 ഉം സ്ഥാനമാറ്റത്തിന് 1.25 ലക്ഷത്തിലധികം അപേക്ഷകളും സമര്‍പ്പിച്ചു. 2025 ജൂലായ് 23ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാന്‍ ഏഴുവരെയാണ് സമയം അനുവദിച്ചിരുന്നത്. കരട് പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.

2025 ജനുവരി ഒന്നിനോ മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നവരുടെ സൗകര്യം പരിഗണിച്ചാണ് പൊതുഅവധി ദിവസങ്ങള്‍ പ്രവൃത്തിദിനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഈ ദിവസങ്ങളില്‍ ഓഫീസില്‍ ഹാജരാകുന്ന അപേക്ഷകര്‍ക്ക് ഹിയറിംഗിനും ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ (ഫോം 5) നേരിട്ടു സ്വീകരിക്കുന്നതുമുള്‍പ്പെടെ വോട്ടര്‍പട്ടികപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികള്‍ക്കും സൗകര്യമൊരുക്കണമെന്നാണ് നിര്‍ദേശം.

Related News