കശ്മീര്‍ മേഘവിസ്ഫോടനം; മരിച്ചവരുടെ എണ്ണം 65 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • 16/08/2025

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണ സംഖ്യ ഉയരുന്നു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. അപകടത്തില്‍ കാണാതായ 200ഓളം പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ചഷോട്ടി പ്രദേശത്താണ് ദുരന്തം പെയ്തിറങ്ങിയത്. മച്ചൈല്‍ മാതാ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ വാഹന ഗതാഗതയോഗ്യമായ അവസാന ഗ്രാമമാണിത്. അപകടത്തില്‍പ്പെട്ട ഭൂരിഭാഗവും ക്ഷേത്രത്തിലേക്ക് എത്തിയ തീര്‍ത്ഥാടകരാണ്. 150 ഓളം പേര്‍ക്ക് പ്രളയത്തെ തുടര്‍ന്നുള്ള അപകടങ്ങളില്‍ പരിക്കേറ്റിരുന്നു. ഇരുനൂറില്‍ ഏറെ പേരെ പ്രദേശത്തു നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സൈന്യത്തിന്റെയും ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മലയോരത്തുള്ള ഗ്രാമത്തിലെ വീടുകളില്‍ പലതും മിന്നല്‍ പ്രളയത്തില്‍ ഒലിച്ചു പോയതായി ഡെപ്യൂട്ടി കമ്മിഷണര്‍ പങ്കജ് കുമാര്‍ ശര്‍മ വ്യക്തമാക്കി. മാതാ തീര്‍ഥാടനം താത്കാലികമായി നിര്‍ത്തിവച്ചു. പലയിടങ്ങളിലും മണ്ണിടിച്ചില്‍ മൂലം റോഡുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. അതേസമയം കേന്ദ്ര മന്ത്രി ജിതേന്ദര്‍ സിങ് ഇന്ന് കിഷ്ത്വര്‍ സന്ദര്‍ശിക്കും.

Related News