കുവൈത്തിലെ മരണനിരക്ക് കുറഞ്ഞു; ശിശുമരണനിരക്കിലും കുറവ് രേഖപ്പെടുത്തി

  • 02/09/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ മരണനിരക്ക് 2024-ൽ ആയിരം പേർക്ക് 1.5 ആയി കുറഞ്ഞുവെന്ന് ഔദ്യോഗിക കണക്കുകൾ. 2020-നും 2023-നും ഇടയിൽ രേഖപ്പെടുത്തിയ നിരക്കായ 1.7-നും 2.6-നും ഇടയിലുള്ള നിരക്കിനേക്കാൾ വളരെ കുറവാണിത്. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ ആയിരം പേർക്ക് 6.85 ആയി ജനസംഖ്യയിലെ സ്വാഭാവിക വർദ്ധനവ് കുറഞ്ഞു. ഇത് 2020-ൽ രേഖപ്പെടുത്തിയ 7.16 എന്ന നിരക്കിനേക്കാൾ 0.31 കുറവാണ്.

കഴിഞ്ഞ വർഷം ആയിരം ജനനങ്ങളിൽ ശിശുമരണനിരക്ക് 6.20 ആയി കുറഞ്ഞു. മുൻ വർഷം ഇത് 6.80 ആയിരുന്നു. എന്നാൽ, പെൺകുട്ടികളിലെ ശിശുമരണനിരക്ക് 2023-ലെ 6.32-ൽ നിന്ന് 6.52 ആയി വർധിച്ചു. 2024 അവസാനത്തോടെ കുവൈത്തി ജനനനിരക്കിൽ 0.56% വർധനവുണ്ടായി. എന്നാൽ, വിദേശികളുടെ ജനനനിരക്കിൽ 9.9% കുറവുണ്ടായി.

2024-ൽ മൊത്തം 49,063 ജനനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 33,323 കുവൈറ്റികളും 15,740 വിദേശികളുമാണ്. ജനിച്ചവരിൽ 25,154 ആൺകുട്ടികളും 23,909 പെൺകുട്ടികളുമാണ്. കുവൈത്തികളുടെ ജനനത്തിൽ അഹമ്മദി ഗവർണറേറ്റ് ആണ് ഒന്നാമത് (7,714). ഫർവാനിയ ഗവർണറേറ്റ് (6,544), തലസ്ഥാനം (5,681), ജഹ്റ (4,846), മുബാറക് അൽ-കബീർ (4,383), ഹവല്ലി (3,745) എന്നിവയാണ് തൊട്ടുപിന്നിൽ.

Related News